കട്ടുപൂച്ചനുമായി തെളിവെടുപ്പ്, സ്വർണം കണ്ടെത്താനായില്ല
ആലപ്പുഴ: മണ്ണഞ്ചേരിയിലെയും കോമള പുരത്തെയും കവർച്ചക്കേസുകളിൽ പൊലീസ് പിടിയിലായ കൊടും കുറ്റവാളി തമിഴ്നാട് രാമനാഥപുരം പരമകുടി എം.ജി.ആർ നഗറിൽ കട്ടൂച്ചനെന്ന കട്ടുപൂച്ചനുമായുള്ള (56) തെളിവെടുപ്പ് പൂർത്തിയായി. കട്ടൂച്ചൻ ഒളിവിൽ കഴിഞ്ഞസ്ഥലങ്ങളിലും രാമനാഥപുരത്തും പൊലീസ് ഇയാളെ എത്തിച്ച് തെളിവുകൾ ശേഖരിച്ചെങ്കിലും, മണ്ണഞ്ചേരി റോഡ് മുക്കിന് സമീപത്തെ മാളിയേക്കൽ ഹൗസിൽ ഇന്ദുവിന്റെ വീട്ടിൽ നിന്ന് കവർന്ന മൂന്നര പവന്റെ മാലയും താലിയും കണ്ടെത്താനായില്ല. കാട്ടൂച്ചന്റെ സംഘത്തിലുൾപ്പെട്ട സ്ത്രീയ്ക്ക് സ്വർണം കൈമാറിയെന്നായിരുന്നു ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ, പൊലീസ് രാമനാഥപുരത്തെത്തി തെരച്ചിലിൽ നടത്തിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. കാട്ടൂച്ചൻ പിടിയിലായതറിഞ്ഞ് ഇവർ നാട്ടിൽ നിന്ന് മുങ്ങിയതായാണ് പൊലീസ് കരുതുന്നത്. തമിഴ്നാട്ടിൽ നിന്ന് മണ്ണഞ്ചേരിയിൽ തിരികെയെത്തിച്ച കാട്ടൂച്ചനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
ഇക്കഴിഞ്ഞ നവംബർ 12ന് രാത്രിയാണ് കോമളപുരം സ്പിന്നിംഗ് മില്ലിന് പടിഞ്ഞാറ് നായ്ക്കംവെളി വീട്ടിൽ ജയന്തിയുടെ വീട്ടിൽ നിന്ന് 3000 രൂപ വിലവരുന്ന വൺഗ്രാം ഗോൾഡ് മാലയും സ്വർണക്കൊളുത്തും പുലർച്ചെ രണ്ടിന് റോഡ് മുക്കിന് സമീപത്തെ ഇന്ദുവിന്റെ വീട്ടിൽ നിന്ന് സ്വർണവും അപഹരിച്ചത്.