തസ്ളിമയ്ക്ക് പെൺവാണിഭ ഇടപാടും, പ്രമുഖ സിനിമാതാരത്തിന് മോഡലിന്റെ ചിത്രം കൈമാറി

Monday 07 April 2025 1:05 AM IST

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ളിമ സുൽത്താനയ്ക്ക് ലഹരി ഇടപാടിന് പുറമേ പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസ് കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്ന് ഒരു സിനിമാതാരത്തിന് ഒരു മോഡലിന്റെ ചിത്രം നവ മാദ്ധ്യമം വഴി കൈമാറിയതും ഇതുമായി ബന്ധപ്പെട്ട് പരസ്പരം മെസേജുകളായി നടത്തിയ ആശയ വിനിമയവുമെല്ലാം ഇതിന് തെളിവാണ്. മോഡലിനായി നടത്തിയ വിലപേശലിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. മോഡലിനെ താരത്തിന് കൈമാറിയെന്ന് സംശയിക്കാവുന്ന ചില സന്ദേശങ്ങളും ലഭിച്ചതായിട്ടാണ് അറിയുന്നത്. നേരത്തെ,​ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളം കടവന്ത്രയിലെ മസാജ് പാർലറിൽ പീഡനത്തിനിരയാക്കിയ കേസിലും പ്രതിയാണ് തസ്ളിമ. എന്തായാലും,​​

കഞ്ചാവ് കേസിൽ ഒന്നാംപ്രതിയായ തസ്ളിമയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെ ഇടപാടുകാരും ഇടനിലക്കാരും അങ്കലാപ്പിലാണ്.

ഇന്റലിജൻസ് വിഭാഗം

അന്വേഷണം തുടങ്ങി

തായ്‌ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴയിൽ എത്തിച്ചെന്നാണ് നിലവിലെ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകൾ മറികടന്ന് എങ്ങനെ കഞ്ചാവ് ഇന്ത്യയിലെത്തിച്ചുവെന്നും വിദേശ സാമ്പത്തിക ഇടപാടുകളുമാണ് ഇന്റലിജൻസ് വിഭാഗം പരിശോധിക്കുന്നത്.

ഈമാസം 1ന് രാത്രി ആലപ്പുഴ നഗര അതിർത്തിയിലെ ഒരു റിസോർട്ടിൽ നിന്നാണ് തസ്ളിമയെയും കൂട്ടാളിയായ മണ്ണഞ്ചേരി സ്വദേശി ഫിറോസിനെയും രണ്ട് കോടി വിലവരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴ എക്സൈസ് പിടികൂടിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തസ്ളിമയെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.