ആശങ്കയൊഴിയാതെ കർഷകർ, നീലമ്പേരൂരിൽ 20ലോഡ് നെല്ല് 15 ദിവസമായി പാടത്ത്

Monday 07 April 2025 1:04 AM IST

ആലപ്പുഴ: കിഴിവ് തർക്കവും പ്രതികൂലകാലാവസ്ഥയും സംഭരണത്തിന് തിരിച്ചടിയായിരിക്കെ,​ നീലമ്പേരൂരിലെ ഇരവുകരി കളർകോട് പാടത്ത് കൊയ്‌ത്തു കഴിഞ്ഞ 20 ലോഡ് നെല്ല് രണ്ടാഴ്ചയായി മില്ലുകാരെ കാത്തുകിടക്കുന്നു. നീലമ്പേരൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ചക്കച്ചംവാക്ക ഭാഗത്ത് 250 ഏക്കറോളം പാടത്ത് കൃഷിയിറക്കിയ കർഷകർക്കാണ് ഈ ദുർഗതി. മാർച്ച് മൂന്നാം വാരമായിരുന്നു വിളവെടുപ്പ്. കൊയ്ത്തിന് പിന്നാലെ 5ശതമാനം കിഴിവ് ധാരണയിൽ 73 ഏക്കറോളം സ്ഥലത്തെ നെല്ല് മില്ലുകാർ സംഭരിച്ചു. എന്നാൽ,​ പിന്നീട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇവിടേക്ക് തിരിഞ്ഞുനോക്കാൻ സപ്ളൈകോ നിയോഗിച്ച മില്ലുടമകൾ തയ്യാറായില്ല. കിഴിവ് കൂട്ടാനുള്ള തന്ത്രമാണിതെന്ന് തിരിച്ചറിഞ്ഞ കർഷകർ കൃഷി ഭവനിലും പാ‌ഡി മാർക്കറ്റിംഗ് ഓഫീസിലും ജില്ലാകളക്ടറുടെ ഓഫീസിലും പല തവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ മെതിച്ചുകൂട്ടിയ നെല്ലിൽ ഈർപ്പം കൂടാനും കിളിർപ്പിനും ഇടയാക്കും. ടാർപോളിനിട്ട് മൂടിക്കൂട്ടിയ നെല്ല് വെയിലേൽപ്പിക്കാനും കേടാകാതെ സൂക്ഷിക്കാനുമായി അന്നുമുതൽ പാടത്തുകഴിയുകയാണ് കർഷകർ.

ഇന്നലെ നെല്ല് സംഭരണത്തിനെത്തുമെന്നായിരുന്നു മില്ലുകാർ ഏറ്റവും ഒടുവിൽ അറിയിച്ചിരുന്നത്. ഇതും പാലിക്കാതെ വന്നതോടെ ഇന്ന് രാവിലെ മങ്കൊമ്പിലെ പാഡി മാർക്കറ്റിംഗ് ഓഫീസിലെത്തി സമരം നടത്താനാണ് കർഷകരുടെ തീരുമാനം. നെൽകർഷക സംരക്ഷണ സമിതി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എച്ച് ബ്ളോക്കിൽ സംഭരണം തുടങ്ങി

1.ദിവസങ്ങളായി തുടരുന്ന തർക്കത്തിനൊടുവിൽ മില്ലുകാർ നിശ്ചയിച്ച കിഴിവ് അംഗീകരിക്കേണ്ടിവന്ന എച്ച്- ബ്ളോക്ക് പാടത്ത് നിന്ന് ഇന്നലെ 73 ലോഡ് നെല്ല് മില്ലുകാർ ഏറ്റെടുത്തു. റാണി,ഡയമണ്ട്, ചിറയ്ക്കൽ, സീന,ജി.എം, മേരിമാത എന്നീ മില്ലുകളാണ് നെല്ല് സംഭരിച്ചത്

2.ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാടമായ ഇവിടെ 1400 ഏക്കറോളം പാടത്ത് 400 ലധികം കർഷകരാണുള്ളത്. 350 ലോഡോളം നെല്ല് കൊയ്തെടുത്ത ഇവിടെ കിഴിവ് സംബന്ധിച്ച് മില്ലുകാരും കർഷകരും തമ്മിലുള്ള തർക്കമാണ് സംഭരണംവൈകിച്ചത്

3. പ്രതികൂല കാലാവസ്ഥയ്ക്കിടെ ശനിയാഴ്ച കൊച്ചിയിൽ നടന്ന ചർച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മില്ലുകാരുടെ ആവശ്യത്തിന് കർഷകർ വഴങ്ങുകയായിരുന്നു. ഇതേ തുടർ‌ന്നാണ് 73 ലോഡ് നെല്ല് ഇന്നലെ ഏറ്റെടുത്തത്

4. എച്ച് ബ്ളോക്കിന്റെ എതിർവശത്തെ പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. മഴ മുന്നറിയിപ്പ് തുടരുന്നതിനിടെ എത്രയും വേഗം ശേഷിക്കുന്ന നെല്ല് കൂടി സംഭരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം

...................................................

എച്ച് ബ്ളോക്കിൽ മില്ലുകാരുടെ കിഴിവിന് വഴങ്ങിയതിലൂടെ കർഷകർക്ക് 90 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. 277 ലോഡോളം നെല്ല് ഇനിയും പാടത്തുണ്ട്. എത്രയും വേഗം ഇത് കൂടി ഏറ്റെടുത്ത് കർഷകരെ കൂടുതൽ നഷ്ടമുണ്ടാകാതെ രക്ഷിക്കുകയാണ് ആവശ്യം

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർ‌ഷക സംരക്ഷണ സമിതി