ഫുട്ബാൾ താരം എം. ബാബുരാജിന് വൻജനാവലിയുടെ അന്ത്യാഞ്ജലി
പയ്യന്നൂർ: കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ ഫുട്ബാൾ താരവും കേരള പൊലീസ് അസിസ്റ്റന്റ് കമാൻഡന്റുമായിരുന്ന എം. ബാബുരാജിന് വൻ ജനാവലിയുടെ അന്ത്യാഞ്ജലി. അന്നൂരിലെ വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവർ അന്ത്യാഞ്ജലി അർപ്പിച്ചു.
പൊലീസ് ഫുട്ബാൾ ടീമിൽ സഹകളിക്കാരായിരുന്ന ഐ.എം. വിജയൻ, യു. ഷറഫലി, കുരികേശ് മാത്യു, തോബിയാസ്, സി.എം. സുധീർ, എഡിസൺ, ശ്യാം സുന്ദർ, മെഹബൂബ്, സാജൻ, ഹബീബ് റഹ്മാൻ, ശ്രീനിവാസൻ, എം. സുരേഷ്, സക്കീർ ഹുസൈൻ, ഷാജി, കോച്ച് കുഞ്ഞികൃഷ്‌ണൻ, ഫുട്‌ബാൾ കളിക്കാർ, ആരാധകർ, രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തുള്ളവർ, നാട്ടുകാർ തുടങ്ങി ആയിരങ്ങളാണ് മൃതദേഹം ഒരു നോക്ക് കാണുന്നതിനും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനുമായി അന്നൂരിലെ വീട്ടിലും ശ്മശാനത്തിലും എത്തിയത്.
പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ് കുമാർ, എസ്.എച്ച്.ഒ കെ.പി. ശ്രീഹരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതിയോടെ വിടനൽകി.
മൂരിക്കൊവ്വലിൽ നടന്ന അനുശോചന യോഗത്തിൽ കെ.കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. യു. ഷറഫലി, പ്രൊഫ. കെ. രാജഗോപാലൻ, പോത്തേര കൃഷ്‌ണൻ, കെ.കെ ഫൽഗുനൻ, കെ.ടി സഹദുള്ള, ബി. സജിത് ലാൽ, സി.എച്ച് അശോക് കുമാർ, കെ. രവീന്ദ്രൻ സംസാരിച്ചു.