വനിതാ മുന്നേറ്റത്തിന് കരുത്താകും: മറിയം ധാവ്‌ളെ

Monday 07 April 2025 12:45 AM IST

മധുര: പിബി അംഗത്വം വലിയ ബഹുമതിയും വനിതാ മുന്നേറ്റങ്ങൾക്ക് പ്രോത്സാഹനവുമാണെന്ന് മറിയം ധാവ്‌ളെ കേരളകൗമുദിയോട് പറഞ്ഞു. ഇടത് ശാക്‌തീകരണത്തിൽ വനിതകൾക്ക് നിർണായക പങ്കുണ്ടെന്ന് തെളിയിക്കുകയാണ് പാർട്ടി. അതുകൊണ്ടാണ് വിവിധ കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. ബി.ജെ.പി-ആർ.എസ്.എസ് വിരുദ്ധ പോരാട്ടത്തിനും അതു തുണയാകും. അതാണ് മമതേതര പാർട്ടികളുടെ ദൗത്യം.

അടുത്തകാലത്ത് വനിതകൾ പുരുഷൻമാരെക്കാൾ കൂടുതലായി രാഷ്‌ട്രിയത്തിൽ വരുന്നത് നല്ല ലക്ഷണവും മാറ്റത്തിന്റെ തുടക്കവുമാണ്. സ്‌ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് പ്രസക്തമാണന്നും മറിയം പറഞ്ഞു.ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന മറിയം ധാവ്‌ളെ പാർട്ടി സെന്ററിന്റെ ഭാഗവുമാണ്. മുംബയ് വിൽസൺ കോളേജിലെ പഠന കാലത്തെ പരിചയമാണ് പിബി അംഗവും മുതിർന്ന നേതാവുമായ അശോക് ധാവ്‌ളെയുമായുള്ള വിവാഹത്തിലെത്തിയത്. പിബിയിൽ പ്രകാശ് കാരാട്ട്-വൃന്ദാ കാരാട്ട് ദമ്പതികൾ ഒഴിയുമ്പോൾ പകരം അശോക് ധാവ്‌ളെയും മറിയവും എത്തുന്നതും കൗതുകം.