സി.പി.എമ്മിന്റെ നഷ്‌ടപ്രതാപം വീണ്ടെടുക്കും: വിജു കൃഷ്ണൻ
മധുര: സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന പശ്‌ചിമ ബംഗാൾ, ത്രിപുര അടക്കം സംസ്ഥാനങ്ങളിൽ സ്വാധീനം തിരിച്ചു പിടിക്കുകയാണ് താനടക്കം പുതിയ നേതാക്കളുടെ ലക്ഷ്യമെന്ന് മലയാളിയായ പി.ബി അംഗം വിജു കൃഷ്‌ണൻ പറഞ്ഞു.
യുവാക്കൾക്ക് അവസരം നൽകാനുള്ള തീരുമാനം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. വർഗീയ ഫാസിസ്റ്റ് പോരാട്ടം ശക്തിപ്പെടുത്താൻ ഇത് തുണയാകും. സ്വദേശമായ കരിവള്ളൂരിന്റെയും കയ്യൂരിന്റെയും സമരങ്ങൾ തനിക്ക് പ്രചോദനമാണ്.
രാജ്യത്തെ കർഷക മുന്നേറ്റങ്ങളിലൂടെ ശ്രദ്ധേയനായ വിജു കൃഷ്‌ണൻ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയാണ്. 1996ൽ ജെ.എൻ.യുവിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെ തുടക്കം. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും ഡൽഹി എസ്.എഫ്.ഐ പ്രസിഡന്റുമായി. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയെങ്കിലും 2009 മുതൽ കർഷക സംഘത്തിനൊപ്പം. 2018ൽ അരലക്ഷത്തോളം കർഷകരെ നയിച്ച് മുംബയിലേക്ക് നടത്തിയ ലോംഗ് മാർച്ച് കർഷകസമരം ശ്രദ്ധേയമായി. ഡൽഹി അതിർത്തിയിൽ നടന്ന കർഷക സമരങ്ങളിലും നിർണായക സാന്നിധ്യം. ഭൂമി അധികാർ ആന്ദോളന്റെ മുഖ്യ സംഘാടകൻ. ഭാര്യ: സമ്മത,മകൾ:ലയ