റോളർ കോസ്റ്ററിൽ നിന്നുവീണു പ്രതിശ്രുത, വരന്റെ കൺമുന്നിൽ മരണം

Monday 07 April 2025 12:49 AM IST

ന്യൂഡൽഹി: റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. സൗത്ത് വെസ്റ്റ് ഡൽഹിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്കിലാണ് സംഭവം.

24കാരിയായ പ്രിയങ്കയാണ് മരിച്ചത്. പ്രതിശ്രുത വരൻ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്‌മെന്റ് പാർക്കിലെത്തിയത്. ഇരുവരും റോളർ കോസ്റ്ററിൽ കയറി. സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാൻഡ് പൊട്ടുകയും പ്രിയങ്ക വീഴുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ പ്രിയങ്കയെ നിഖിലും മറ്റുള്ളവരും ഉടൻ

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് ഇരുവരും അമ്യൂസ്മെന്റ് പാർക്കിലെത്തിയത്. വൈകിട്ട് 6.15ഓടെയാണ് റോളർ കോസ്റ്ററിൽ കയറി. ഉയരത്തിലെത്തിയപ്പോൾ റോളർ കോസ്റ്ററിന്റെ ഒരു സപ്പോർട്ടിംഗ് സ്റ്റാൻഡ് തകരുകയും പ്രിയങ്ക വീഴുകയുമായിരുന്നെന്ന് നിഖിൽ പൊലീസിനോട് പറഞ്ഞു.

2023 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അടുത്ത വ‌ർഷം ഫെബ്രുവരിയിൽ വിവാഹം നടത്താനായിരുന്നു തീരുമാനം.

സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹം കൊണ്ട് പ്രിയങ്ക വിവാഹ ചടങ്ങ് വൈകിപ്പിച്ചതാണെന്ന് കുടുംബം പറയുന്നു. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. കുംടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വിവാഹമെന്ന് പ്രിയങ്ക തീരുമാനിച്ചു. ഇക്കാര്യത്തിൽ ഉൾപ്പെടെ പ്രിയങ്കയെ എല്ലാ കാര്യങ്ങളിലും നിഖിൽ പിന്തുണച്ചിരുന്നുവെന്ന് സഹോദരൻ മോഹിത് പറയുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പ്രിയങ്കയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. അമ്യൂസ്മെന്റ് പാർക്കിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. പാർക്ക് അടച്ചിട്ടിരിക്കുകയാണ്.