തൃപ്രയാർ തേവർ പൈനൂർ പാടത്ത് ചാലുകുത്തി

Monday 07 April 2025 12:58 AM IST

തൃപ്രയാർ: രാമമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ, തേവർ പൈനൂർ പാടത്ത് ചാലുകുത്തി. ഗ്രാമപ്രദക്ഷിണത്തിലെ സവിശേഷ ആചാരമാണിത്. ഇതിലൂടെ തട്ടകക്കാർക്ക് കൃഷിയിറക്കാൻ തേവർ അനുമതി നൽകുന്നുവെന്ന് വിശ്വാസം. രാവിലെ ആറോടെ തേവർ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. തുടർന്നാണ് വെന്നിക്കൽ ക്ഷേത്രത്തിലെ പറയെടുപ്പ്. തുടർന്ന് വലപ്പാട് കോതകുളത്തിൽ ആറാടി. ശേഷം ചാലുകുത്തലിനായി പൈനൂർ പാടത്തെത്തി. തേവർക്ക് വഴി നീളെ പറ നിറച്ചും സ്വീകരണമൊരുക്കിയും വൻ വരവേൽപ്പാണ് കിട്ടിയത്. ചാലുകുത്തലിനായി പ്രത്യേകം തിരിച്ചിട്ട ഒരു സെന്റ് സ്ഥലത്തായിരുന്നു ചടങ്ങ്. കത്തിച്ചു വെച്ച നിലവിളക്കിന് മുമ്പിൽ അവകാശികളായ കണ്ണാത്ത് തറവാട്ടിലെ പ്രതിനിധി പറ നിറച്ചു. തുടർന്ന് തേവരുടെ തിടമ്പേറ്റിയ ആന രവിപുരം ഗോവിന്ദൻ നിലത്തുനിന്ന് കൊമ്പ് കൊണ്ട് മണ്ണ് കുത്തിയെടുത്തു. ഈ സമയം മൂന്ന് കതിനാ വെടി മുഴങ്ങി. ശംഖനാദം ഉയർന്നു. ദൈവികാംശമുള്ള മണ്ണ് ഭക്തർക്ക് പ്രസാദമായി നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, അസി. കമ്മീഷണർ എം.മനോജ്കുമാർ, ദേവസ്വം മാനേജർ മനോജ് കെ.നായർ തുടങ്ങിയവർ സംബന്ധിച്ചു. ചാലുകുത്തൽ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ തേവർ ക്ഷേത്രത്തിനകത്തെ മേളത്തിനും പറയ്ക്കും ശേഷം പുറത്തേക്കിറങ്ങി. രാത്രി തേവർ രാമൻകുളത്തിൽ ആറാടി.

ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായി തൃപ്രയാർ തേവർ പൈനൂർ പാടത്ത് ചാലുകുത്തുന്നു