'നെല്ല് സംഭരണത്തിൽ സർക്കാർ ഇടപെടണം'
Monday 07 April 2025 12:58 AM IST
തൃശൂർ: മില്ലുടമകളുടെ നിർബന്ധത്താൽ പ്രതിസന്ധിയിലായ പുല്ലഴി കോൾപടവിലെ നെല്ല് സംഭരണം പൂർത്തീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. മഴമൂലം കൃഷി നശിച്ച് വിളവ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മില്ലുടമകൾ കിഴിവ് ആവശ്യപ്പെടുന്നത് കർഷകരെ സമ്മർദ്ദത്തിലാക്കാനാണ്. ഈർപ്പവും പതിരും പറഞ്ഞ് വില കുറയ്ക്കാൻ ശ്രമിക്കുന്നത് സർക്കാർ ഇടപെട്ട് തടയണം. അടിയന്തരമായി നെല്ല് സംഭരണം ആരംഭിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരപരിപാടിക്ക് നേതൃത്വം നൽകും. കർഷകരുടെ ദുരിതം കോൾപടവ് പ്രസിഡന്റ് കെ.ഗോപിനാഥൻ, കർഷകരായ വി.ലീലാധരൻ, സുരേഷ് ബാബു, ആലാട്ട് ചന്ദ്രൻ എന്നിവർ വിശദീകരിച്ചു. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എച്ച്.ഉസ്മാൻ ഖാൻ തുടങ്ങിയവർ സന്നിഹിതരായി.