വ്യാജ കാർഡിയോളജിസ്റ്റ് ചികിത്സിച്ച് 7 മരണം  ലണ്ടനിൽ നിന്ന് ഡോ. എൻ. ജോൺ കെം

Monday 07 April 2025 1:28 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ദാമോയിൽ മിഷണറിമാർ നടത്തുന്ന ആശുപത്രിയിൽ വ്യാജ കാർഡിയോളജിസ്റ്റ് ശസ്ത്രക്രിയ നടത്തിയ ഏഴ് രോഗികൾ മരിച്ചതായി റിപ്പോർട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇയാൾ 15 പേർക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതിൽ ഏഴ് പേർ മരിച്ചെന്നുമാണ് റിപ്പോർട്ട്.

ദാമോ സ്വദേശിയായ ദീപക് തിവാരി എന്നയാൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി മരണങ്ങൾ പോലീസിനെയോ ആശുപത്രി ഔട്ട്‌പോസ്റ്റിനെയോ അറിയിച്ചില്ല. മരിച്ചവരുടെ കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കനത്ത ഫീസ് ഈടാക്കിയെന്നും പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹങ്ങൾ കൈമാറിയെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

ലണ്ടനിൽ നിന്നുള്ള കാർഡിയോളജിസ്റ്റ് ഡോ. എൻ. ജോൺ കെം എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആശുപത്രിയിൽ ചാർജെടുത്തത്. അന്വേഷണത്തിൽ ഇയാൾ ഡോ. എൻ. ജോൺ കെം അല്ലെന്നും നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്നും വെളിപ്പെട്ടു. വിദേശ മെഡിക്കൽ ബിരുദങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ട് ലണ്ടനിലെ സെന്റ് ജോർജ് സർവകലാശാലയിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ പ്രൊഫസർ (എമെറിറ്റസ്) ജോൺ കെമിന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്താണ് നരേന്ദ്ര വിക്രമാദിത്യ യാദവ് ആശുപത്രിയിൽ കയറിക്കൂടിയത്. പിന്നീട് ഇവിടുത്തെ പ്രധാന കാർഡിയോളജിസ്റ്റായി. തന്റെ വ്യക്തിത്വം വ്യാജമായി ഉപയോഗിച്ചെന്ന് പ്രൊഫസർ കെം ഒരു വാർത്താ ഏജൻസിയോട് അറിയിച്ചതായി റിപ്പോർട്ടുണ്ട്. മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതികൾക്കും ആശുപത്രി മാനേജ്‌മെന്റിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.

മുമ്പും കേസുകളിൽ

നരേന്ദ്ര വിക്രമാദിത്യ യാദവ് മുമ്പും വിവാദങ്ങളിൽ പെട്ടിട്ടുണ്ടെന്നും ദീർഘകാലം ഒരു സ്ഥലത്തും താമസിക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പരാതി ലഭിച്ചതായി ജില്ലാ കളക്ടർ സുധീർ കൊച്ചാർ സ്ഥിരീകരിച്ചു, അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.