സി.പി.എം ജനറൽ സെക്രട്ടറി: ഉദ്വേഗത്തോടെ കാത്തിരിപ്പ്

Monday 07 April 2025 1:30 AM IST

മധുര: 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നപ്പോൾ മുതൽ ജനറൽ സെക്രട്ടറി പദവിയിലേക്ക് ഉയർന്നുകേട്ട പേരുകളിൽ ഒരെണ്ണം എം.എ.ബേബിയുടേതായിരുന്നു. അദ്ദേഹത്തോടുള്ള സ്നേഹാദരവും വീണ്ടുമൊരു മലയാളി പാർട്ടിയുടെ ഉന്നതപദവിയിലേക്ക് എത്തുമോയെന്ന ഉദ്വേഗവും കാരണം രണ്ടാം ദിവസം മുതൽ തമുക്കത്തേക്ക് കേരള സഖാക്കളുടെ ഒഴുക്കായിരുന്നു. വെറുതെയെങ്കിലും നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കാനുള്ള ത്വര. അവസാന ദിവസത്തേക്ക് അടുത്തതോടെ സമ്മേളനനഗറിലെ മൈതാനത്തെ ഒഴിവുള്ള ഭാഗത്തെല്ലാം കേരള വാഹനങ്ങൾ നിറഞ്ഞു. പ്രതിനിധികൾക്കായി കാലേകൂട്ടി ഹോട്ടൽ മുറികൾ ബുക്ക് ചെയ്തിരുന്നതിനാൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകർ താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടിലായി. എന്നിട്ടും വാഹനങ്ങളിൽ തന്നെ ചടഞ്ഞുകൂടി മയങ്ങിയും കഥപറഞ്ഞ് നേരമ്പോക്കിയുമൊക്കെ അവർ മധുരയിൽ തുടർന്നു. എവിടെയും ഒരു ചോദ്യം മാത്രം, എം.എ.ബേബി വരുമോ?

ഈ ഉദ്വേഗവുമായി അടുത്തെത്തുന്ന പാർട്ടിക്കാരോട് തന്റെ പതിവ് നിസംഗതയിൽ ചിരിച്ച് പിന്മാറുകയായിരുന്നു ബേബി. ഇതിനിടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരുമെന്ന അഭ്യൂഹവും പടർന്നു.

ഇന്നലെ രാവിലെ മുതൽ പാർട്ടി കോൺഗ്രസിന്റെ സമ്മേളന നഗർ ഉത്സവപ്പറമ്പുപോലെയായി. സമ്മേളനഹാളിലേക്ക് പ്രതിനിധികളെ സൗകര്യപൂർവം കടത്തിവിടാൻ ഹാളിന് മുൻവശത്ത് ബാരിക്കേഡുകൾ തീർത്ത് വഴിതിരിച്ചെങ്കിലും ആൾക്കാരെ നിയന്ത്രിക്കാൻ വോളന്റിയർമാർ അത്യദ്ധ്വാനം ചെയ്യേണ്ടിവന്നു. ഉച്ചയ്ക്ക് മുമ്പായി സമ്മേളനനടപടികൾ പൂർത്തിയാവുമെന്ന് കരുതിയെങ്കിലും കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് വന്നതോടെ സംഗതി നീണ്ടു. മാദ്ധ്യമപ്രവർത്തകർ ഒരുവശത്ത് തമ്പടിച്ചപ്പോൾ, പ്രവർത്തകർ വിപ്ളവഗാനങ്ങളുമായി ചുറ്റും കൂടി. ഇതിനിടെ ആരൊക്കെയോ വന്ന് ബേബി ജനറൽ സെക്രട്ടറിയായെന്ന് പറഞ്ഞു. അതോടെ ജനക്കൂട്ടം മുദ്രാവാക്യങ്ങളുമായി ഇളകി. എന്നാൽ കേട്ടത് ശരിയല്ലെന്നറിഞ്ഞതോടെ രംഗം തണുത്തു.

ഉച്ചകഴിഞ്ഞ് രണ്ടരയോടെ ജനറൽ സെക്രട്ടറി പദം സ്ഥിരീകരിച്ചതോടെ സമ്മേളനഹാളിന് മുന്നിൽ ബേബിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി ജനക്കൂട്ടമെത്തി. 'കൊല്ലത്തിന്റെ ചെന്താരകത്തിന് അഭിവാദ്യങ്ങൾ" എന്നായിരുന്നു ബാനറിലെ വാചകം. കത്തിയാളുന്ന വെയിൽ വകവയ്ക്കാതെ, തങ്ങളുടെ പ്രിയസഖാവിന് അഭിവാദ്യ മുദ്രാവാക്യം മുഴക്കി അവർ സന്തോഷം പങ്കുവച്ചു.