ശ്രീലങ്കയിൽ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് മോദി

Monday 07 April 2025 7:05 AM IST

കൊളംബോ: ശ്രീലങ്കയിലെ അനുരാധപുരയിൽ ഇന്ത്യൻ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ രണ്ട് റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും മോദിക്കൊപ്പം പങ്കുചേർന്നു.

91.27 മില്യൺ ഡോളർ ചെലവിൽ നവീകരിച്ച 128 കിലോമീ​റ്ററിലെ മഹോ-ഒമാന്തായി റെയിൽവേ ലൈൻ ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. മഹോ മുതൽ അനുരാധപുര വരെയുള്ള നൂതന സിഗ്‌നലിംഗ് സംവിധാനത്തിന്റെ നിർമ്മാണത്തിനും തുടക്കമിട്ടു. ശ്രീലങ്കയിലെ വടക്ക്‌-തെക്ക് റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ഇരുപദ്ധതികളും.

അനുരാധപുരയിലെ ചരിത്ര പ്രസിദ്ധമായ ജയശ്രീ മഹാബോധി ക്ഷേത്രവും മോദിയും ദിസനായകെയും സന്ദർശിച്ചു. ശ്രീലങ്കൻ സന്ദർശനം പൂർത്തിയാക്കിയ മോദി ഇന്നലെ രാവിലെ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.

 11 ഇന്ത്യക്കാരെ മോചിപ്പിച്ചു

മോദിയുടെ സന്ദർശനത്തിന് പിന്നാലെ തടവിലായിരുന്ന 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്ക. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം 'മാനുഷിക സമീപനത്തിലൂടെ" പരിഗണിക്കണമെന്ന് മോദി ദിസനായകെയോട് ആവശ്യപ്പെട്ടിരുന്നു.

സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നിരവധി തവണ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായിട്ടുണ്ട്. ഇത്തരത്തിൽ പിടിയിലായ ഡസൻകണക്കിന് മത്സ്യത്തൊഴിലാളികളെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ശ്രീലങ്ക നേരത്തെ മോചിപ്പിച്ചിരുന്നു.