ഇന്ത്യൻ പ്രവാസികൾക്ക് ഇളവ്, ഇനി എയർപോർട്ടുകളിൽ സ്വർണം പിടിച്ചുവയ്ക്കില്ല

Monday 07 April 2025 10:52 AM IST

ന്യൂഡൽഹി: സ്വന്തമായുള്ളതോ സമ്മാനമായോ പാരമ്പര്യമായോ കൈമാറി വന്നതോ ആയ ആഭരണങ്ങൾ അണിഞ്ഞതിന് എയർപോർട്ടിൽ ചോദ്യം ചെയ്യപ്പെട്ട അനുഭവം മിക്കവർക്കും ഉണ്ടായിട്ടുണ്ടാകും. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസകരമായ വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ഡൽഹി ഹൈക്കോടതി.

യാത്രക്കാർ ധരിച്ചിരിക്കുന്ന സ്വന്തം ആഭരണങ്ങളും പാരമ്പര്യമായി ലഭിച്ച ആഭരണങ്ങളും ഇന്ത്യൻ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല ഇതുസംബന്ധിച്ച് യാത്രക്കാരെ അപമാനിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. 30ലധികം ഹർജികളിലാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് പ്രതിഭ എം സിംഗ്, രാജ്‌നീഷ് കുമാർ ഗുപ്‌ത എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ആഭരണങ്ങൾ യാത്രക്കാർ കൈവശം വയ്ക്കുന്നത് പ്രത്യേക കാരണമില്ലാതെ കസ്റ്റംസ് തടയാൻ പാടില്ലെന്ന് കോടതി പറഞ്ഞു. യാത്രക്കാർക്കുമേലുള്ള അധിക്ഷേപങ്ങൾ തടയാൻ എയർപോർട്ട് ജീവനക്കാർക്ക് പ്രത്യേക വർക്ക് ഷോപ്പുകൾ ഏർപ്പെടുത്തണമെന്ന് കോടതി അധികൃതരോട് നിർദേശിച്ചു.

ബാഗേജ് നിയമങ്ങൾ

നിലവിലെ ബാഗേജ് നിയമങ്ങൾ പ്രകാരം വിദേശത്തുനിന്ന് ഒരുവർഷത്തിനുശേഷം നാട്ടിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങൾ കൊണ്ടുവരാം. സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 29 ഗ്രാം വരെയുമാണ് ഉയർന്ന പരിധി. എന്നാൽ ഉപയോഗിക്കുന്നതോ പാരമ്പര്യമായി ലഭിച്ചതോ ആയ ആഭരണങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. നിയമം കാലഹരണപ്പെട്ടതായി ചൂണ്ടിക്കാട്ടിയ കോടതി നിയമത്തിൽ ഭേദഗതി വരുത്തുകയോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമമോ (എസ്‌ഒപി) പുറപ്പെടുവിക്കണമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആന്റ് കസ്റ്റംസിനോട് നിർദേശിച്ചു.