മുൻപ് ലൈംഗികാതിക്രമം തത്സമയം കാണിച്ചു, ഇപ്പോൾ കുട്ടികളുടെ ഭിക്ഷാടനം വഴി 'കമ്മിഷൻ' കൈപ്പറ്റി ചൈനീസ് സമൂഹമാദ്ധ്യമം
ഒരാളുടെ ജീവിതത്തിലെ ദയനീയാവസ്ഥ ജനങ്ങളെ അറിയിച്ച് അവരിൽ നിന്നും പണം വാങ്ങി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്. എന്നാൽ ജനങ്ങളുടെ ദാരിദ്ര്യം പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ ദാരിദ്രത്തെ ബിസിനസാക്കി പണം കൈപ്പറ്റുന്നവരെ എന്താണ് നാം വിളിക്കേണ്ടത്? ചൈനീസ് സമൂഹമാദ്ധ്യമ ഭീമൻ ടിക്‌ടോക് അത്തരമൊരു കാര്യം ചെയ്ത് പണം സമ്പാദിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
വെർച്വൽ സമ്മാനത്തിനായി ഭിക്ഷ യാചിക്കും
അന്താരാഷ്‌ട്ര മാദ്ധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തതനുസരിച്ച് ഒബ്‌സർവർ നടത്തിയ അന്വേഷണത്തിൽ ടിക്‌ടോക് വഴി കൊച്ചുകുട്ടികൾ തത്സമയം ഭിക്ഷ യാചിച്ച് ലഭിക്കുന്ന വെർച്വൽ സമ്മാനങ്ങളിൽ നിന്നും ടിക്‌ടോക് ധനസമ്പാദനം നടത്തുന്നുവെന്ന് കണ്ടെത്തി. കുട്ടികളുടെ ദയനീയസ്ഥിതി കണ്ട് ലഭിക്കുന്ന പണത്തിൽ നിന്നും മൂല്യം കണക്കാക്കി ഫീസായോ 70 ശതമാനം കമ്മിഷനായോ സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോം ആ പണം കൈക്കലാക്കും.
ഭിക്ഷ യാചിക്കുന്ന കുട്ടികൾ ഈ രാജ്യക്കാർ
അഫ്ഗാനിസ്ഥാൻ. പാകിസ്ഥാൻ,ഇന്തോനേഷ്യ, സിറിയ, ഈജിപ്റ്റ്, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളാണ് ലൈവ് സ്‌ട്രീമിംഗ് വഴി ടിക്‌ടോകിൽ പണം തേടുന്നത്. പലപ്പോഴും ബ്രിട്ടനിൽ നിന്നും മറ്റുമുള്ളവരാണ് ലിങ്ക് കണ്ട് പണമോ ഡിജിറ്റൽ സമ്മാനങ്ങളോ നൽകുക. കുട്ടികളെ ഉപയോഗിച്ചോ മുതിർന്നവർ നടത്തുന്നതോ ആയ ഭിക്ഷാടനത്തിന് തങ്ങൾ എതിരാണെന്നാണ് ടിക്‌ടോക് വാദിക്കുന്നത്. ഇതിനിടെയാണ് ഈ വൈരുദ്ധ്യം.
ഐക്യരാഷ്‌ട്രസഭയ്‌ക്കായി മനുഷ്യാവകാശങ്ങളെയും ദാരിദ്ര്യത്തെയും കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഒലിവിയർ ഡി ഷട്ടർ ഇതിനെ ഞെട്ടിക്കുന്ന സംഭവം ആണെന്നും ടിക്‌ടോക്കും അതിന്റെ ഇടനിലക്കാരും ജനങ്ങളുടെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ലാഭം കൊയ്യുകയാണെന്ന് ആരോപിച്ചു. ഇത്തരം കാര്യങ്ങൾക്കെതിരെ ടിക്‌ടോക് ഉടനടി നടപടി കൈക്കൊള്ളണമെന്നും സ്വന്തം നയം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2025 ജനുവരി മുതൽ ഏപ്രിൽ വരെ നടത്തിയ പരിശോധനയിലാണ് അഫ്ഗാൻ, പാകിസ്ഥാൻ, ഇന്തോനേഷ്യ, സിറിയ, ഈജിപ്റ്റ്,കെനിയ എന്നീ രാജ്യങ്ങളിലെ കുട്ടികൾ ഇത്തരത്തിൽ ലൈവ് സ്‌ട്രീം വഴി ഭിക്ഷ യാചിക്കുന്നത് കണ്ടത്. വീഡിയോകളിൽ ചിലത് വീടുകളിലിരുന്നുതന്നെ കുട്ടികൾ ഭിക്ഷ യാചിക്കുക ആണെങ്കിൽ മറ്റുചിലത് ഇതിനായി പ്രത്യേകം ഒരുക്കിയ സ്ഥലങ്ങളിൽ ആണെന്നും കാണാം.
കുട്ടികൾക്കൊപ്പം പ്രായമായവരും
പ്രായമായ അംഗവൈകല്യം വന്നവരെയും ഇത്തരത്തിൽ ചില അക്കൗണ്ടുകൾ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് കണ്ടെത്തി. ഡിജിറ്റൽ ഗിഫ്റ്റ് ലഭിക്കുമ്പോൾ ഇവർ സന്തോഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചില അക്കൗണ്ടുകളിലെ ഭിക്ഷാടനം ഗൂഢാലോചനയാണെന്ന് തെളിവ് സഹിതം കണ്ടെത്തിയപ്പോൾ ആ അക്കൗണ്ടുകൾ പൂട്ടുകയും ചെയ്‌തു.
ചിലർ അപകടകരമായ സ്റ്റണ്ടുകളും ലൈവായി ചെയ്‌ത് ശ്രദ്ധ നേടാൻ ശ്രമിക്കുന്നുണ്ട്. മണ്ണിൽ ദേഹമാസകലം പൊതിയുക, പൂർണമായും ഉറങ്ങാതെയിരിക്കുക, ദേഹത്ത് ചാട്ടകൊണ്ടോമറ്റോ മർദ്ദിക്കുക ഇങ്ങനെയെല്ലാം ചെയ്‌ത് അതുവഴി ഡിജിറ്റൽ ഗിഫ്റ്റ് വാങ്ങാൻ ശ്രമിച്ചു.
2020ലാണ് ടിക്‌ടോക് തത്സമയം ആസ്വാദകരുമായി സംവദിക്കുന്ന തരം ലൈവ് സ്‌ട്രീമിംഗ് തുടങ്ങിയത്. പാട്ടോ, ഡാൻസോ മറ്റ് രസകരമായ കഴിവുകളോ ലോകത്തെ കാണിക്കാനായിരുന്നു ഇതിന്റെ ഉദ്ദേശ്യം.എന്നാൽ പലരും വലിയ തോതിൽ പണംനേടാൻ ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പരാതി വ്യാപകമാണ്.
1000 ഫോളോവേഴ്‌സും 18 വയസിന് മുകളിൽ പ്രായവും ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ ലൈവായി വീഡിയോ ചെയ്യാൻ പറ്റൂ എന്നാണ് ടിക്‌ടോക് പറയുന്നത്. എന്നാൽ ഇക്കാര്യം കൃത്യമായി അവർ നിരീക്ഷിക്കാറില്ല എന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.
ലൈംഗികാതിക്രമം സംപ്രേക്ഷണം ചെയ്‌ത് പുലിവാല് പിടിച്ചു
മുൻപൊരിക്കൽ തത്സമയം ലൈംഗികാതിക്രമം സംപ്രേക്ഷണം ചെയ്‌ത് ടിക്‌ടോക് പുലിവാല് പിടിച്ചിരുന്നു.തത്സമയം ഭിക്ഷാടനം നടത്തുക വഴി വിവിധ രാജ്യങ്ങളിൽ സഹായം എത്തേണ്ടവർക്ക് ഉടൻ എത്തിക്കാനും സാധിച്ചിട്ടുണ്ടെന്നത് നല്ലവശമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ചൈനീസ് സമൂഹമാദ്ധ്യമത്തിന്റെ ഈ നടപടി ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.