പ്രിയദർശൻ മുത്തച്ഛനായി; കുടുംബസമേതമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ

Monday 07 April 2025 3:42 PM IST

മകൾ കല്യാണി പ്രിയദർശന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ 32-ാം പിറന്നാൾ. ഇത്തവണ ചെന്നൈയിൽ കുടുംബത്തോടൊപ്പമായിരുന്നു ആഘോഷം.

ചോക്ലേറ്റ് കേക്കിന് മുന്നിൽ പുഞ്ചിരിയോടെ ഇരിക്കുന്ന കല്യാണിയെ ചിത്രത്തിൽ കാണാം. സമീപത്തായി സഹോദരൻ സിദ്ധാർത്ഥ്, ഭാര്യ മെർലിൻ, ഇവരുടെ മകൾ, പ്രിയദർശൻ എന്നിവരുമുണ്ട്. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് ചിത്രത്തിനൊപ്പം പ്രിയദർശൻ കുറിച്ചിരിക്കുന്നത്. കുടുംബ ചിത്രത്തിൽ കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ. പ്രിയദർശൻ മുത്തച്ഛനായി, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ എന്നൊക്കെയാണ് പലരും കമന്റിട്ടിരിക്കുന്നത്.

2023ലായിരുന്നു സിദ്ധാർത്ഥിന്റെയും മെർലിന്റെയും വിവാഹം. അമേരിക്കക്കാരിയും വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെർലിൻ. ചെന്നൈയിലെ ഫ്ലാറ്റിൽ വച്ച് നടന്ന വിവാഹത്തിൽ പത്തോളം പേർ മാത്രമാണ് അന്ന് പങ്കെടുത്തിരുന്നത്. ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർത്ഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രിയദർശൻ സംവിധാനം ചെയ്‌ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർത്ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരവും ഈ സിനിമയിലൂടെ സിദ്ധാർത്ഥിനെ തേടിയെത്തി.