പ്രമുഖ നടന് മോഡലിന്റെ ചിത്രം അയച്ചുകൊടുത്തു; ചാറ്റിംഗില്‍ നടന്നത് കൈമാറുന്നതിന് മുമ്പുള്ള വിലപേശല്‍

Monday 07 April 2025 7:39 PM IST

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്‌ളിമ സുല്‍ത്താനയ്ക്ക് ലഹരി ഇടപാടിന് പുറമേ പെണ്‍വാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്ന് ഒരു സിനിമാതാരത്തിന് ഒരു മോഡലിന്റെ ചിത്രം നവ മാദ്ധ്യമം വഴി കൈമാറിയതും ഇതുമായി ബന്ധപ്പെട്ട് പരസ്പരം മെസേജുകളായി നടത്തിയ ആശയ വിനിമയവുമെല്ലാം ഇതിന് തെളിവാണ്.

മോഡലിനായി നടത്തിയ വിലപേശലിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. മോഡലിനെ താരത്തിന് കൈമാറിയെന്ന് സംശയിക്കാവുന്ന ചില സന്ദേശങ്ങളും ലഭിച്ചതായിട്ടാണ് അറിയുന്നത്. നേരത്തെ, മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളം കടവന്ത്രയിലെ മസാജ് പാര്‍ലറില്‍ പീഡനത്തിനിരയാക്കിയ കേസിലും പ്രതിയാണ് തസ്‌ളിമ. എന്തായാലും,കഞ്ചാവ് കേസില്‍ ഒന്നാംപ്രതിയായ തസ്‌ളിമയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ഇടപാടുകാരും ഇടനിലക്കാരും അങ്കലാപ്പിലാണ്.

ഇന്റലിജന്‍സ് വിഭാഗംഅന്വേഷണം തുടങ്ങി

തായ്ലന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴയില്‍ എത്തിച്ചെന്നാണ് നിലവിലെ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസിന്റെ ഇന്റലിജന്‍സ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകള്‍ മറികടന്ന് എങ്ങനെ കഞ്ചാവ് ഇന്ത്യയിലെത്തിച്ചുവെന്നും വിദേശ സാമ്പത്തിക ഇടപാടുകളുമാണ് ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുന്നത്.

ഈമാസം 1ന് രാത്രി ആലപ്പുഴ നഗര അതിര്‍ത്തിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് തസ്‌ളിമയെയും കൂട്ടാളിയായ മണ്ണഞ്ചേരി സ്വദേശി ഫിറോസിനെയും രണ്ട് കോടി വിലവരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴ എക്‌സൈസ് പിടികൂടിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തസ്‌ളിമയെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.