കടമ്പകൾ കടന്ന് ഇലകമൺ സ്റ്റേഡിയം  നിർമ്മാണോദ്ഘാടനം നാളെ

Tuesday 08 April 2025 1:35 AM IST

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ യുവാക്കളുടെ ഏറെനാളത്തെ സ്വപ്നമായ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംയുക്ത പദ്ധതിയായാണ് സ്റ്റേഡിയം നിർമ്മിക്കാനുള്ള ഭൂമി വാങ്ങിയത്. ഇതിനായി വർക്കല ബ്ലോക്ക് പഞ്ചായത്ത്,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്,ഇലകമൺ ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി തുക അനുവദിച്ചിരുന്നു. ഇതിൽനിന്നും വാങ്ങിയ 1.71 ഏക്കർ സ്ഥലത്താണ് ഒരു കോടി രൂപ ചെലവിൽ സ്റ്റേഡിയം നിർമ്മിക്കുന്നത്.

 സ്ഥലം വാങ്ങാൻ ഫണ്ട് അനുവദിച്ചത്

വർക്കല ബ്ലോക്ക് പഞ്ചായത്ത്... 40 ലക്ഷം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് .....25 ലക്ഷം

ഇലകമൺ ഗ്രാമപഞ്ചായത്ത്....... 52.22 ലക്ഷം

 രൂപരേഖ തയാറാകുന്നു

മഡ് കോർട്ട്,ഗ്യാലറി, ലൈറ്റുകൾ, ഡ്രെയിനേജ് സംവിധാനം എന്നിവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് സ്റ്റേഡിയം ഉയരുന്നത്. സ്റ്റേഡിയത്തിന്റെ രൂപരേഖ കായികവകുപ്പ് തയാറാക്കിവരുന്നു. ക്രിക്കറ്റ്, ഫുട്ബാൾ തുടങ്ങി എല്ലാത്തരം കായിക ഇനങ്ങളും നടത്താൻ പാകത്തിലാകും നിർമ്മാണം. നിലവിൽ ഓഫീസ് കെട്ടിടവും ടോയ്‌ലെറ്റ് സംവിധാനവും ബ്ലോക്ക് പഞ്ചായത്തിന്റെ പാദത്തിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്നുണ്ട്.

 മന്ത്രിയുടെ ഇടപെടൽ

ത്രിതല പഞ്ചായത്തുകൾ ഭൂമി വാങ്ങുന്നതിന് സംയുക്ത പദ്ധതി വയ്ക്കാൻ തീരുമാനിച്ചെങ്കിലും വസ്തു വാങ്ങണമെങ്കിൽ റവന്യൂ ഉദ്യോഗസ്ഥർ ഭൂമിയുടെ വില നിശ്ചയിച്ചു നൽകണമെന്നത് വലിയ ഒരു കടമ്പയായിരുന്നു. ഭൂമി ഉടമ ആവശ്യപ്പെട്ട വിലയെക്കാൾ വളരെ കുറച്ച് വാല്യുവേഷനാണ് വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചത്. അഡ്വ.വി.ജോയി എം.എൽ.എ ഇക്കാര്യം മന്ത്രി കെ. രാജന്റെ ശ്രദ്ധയിൽപ്പെടുത്തുകയും നിയമാനുസൃത നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ നൂലാമാലകൾ പരിഹരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

 വെല്ലുവിളികളിൽ തളരാതെ...

ഒരു ചെറിയ കളിസ്ഥലം പോലുമില്ലാത്ത ഇലകമണിൽ സ്റ്റേഡിയത്തിന് ആവശ്യമായ സ്ഥലം വാങ്ങാൻ എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ കഴിയുമായിരുന്നില്ല. ഒന്നുകിൽ ജനങ്ങൾ പിരിവ് നടത്തി വസ്തു വാങ്ങണം. അല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് അനുവദിക്കണം. ത്രിതല പഞ്ചായത്ത് ഫണ്ട് മുഖേന ഭൂമി വാങ്ങാം എന്നുള്ള ശ്രമങ്ങൾക്കിടയിൽ നിരവധി വെല്ലുവിളികൾ ഉയർന്നു. വെല്ലുവിളികളിൽ തളരാതെ പദ്ധതിക്കായി അശ്രാന്തം പരിശ്രമിച്ചത് വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജാണ്. വാല്യൂവേഷൻ തുക വില്ലേജ് ഓഫീസിൽ നിന്നും ഉയർത്തി കിട്ടിയതിനൊപ്പം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ അധികാരം ഉപയോഗിച്ചുള്ള വർദ്ധന കൂടിയായപ്പോൾ സെന്റിന് 60,500 രൂപയ്ക്ക് ഭൂമി വാങ്ങാൻ കഴിഞ്ഞു.