ലോഡ്ജ് മുറിയിലെ ലഹരിവേട്ട; എക്സൈസിനെ കുറ്റപ്പെടുത്തി യുവതി "എം.ഡി.എം.എ കണ്ടെത്തിയെങ്കിൽ ജയിലിലിടാത്തതെന്ത് "
കുറഞ്ഞ അളവിൽ ആയതുകൊണ്ടെന്ന് എക്സൈസ് വിശദീകരണം കമന്റ് ബോക്സിൽ
കണ്ണൂർ: പറശ്ശിനിക്കടവ് കോൾമൊട്ടയിലെ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതി യുവാക്കൾ പിടിയിലായ സംഭവത്തിൽ എക്‌സൈസിനെതിരെ ആരോപണവുമായി പ്രതിയായ റഫീന. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും അല്ലെങ്കിൽ എന്തുകൊണ്ടാണ് തന്നെ റിമാൻഡ് ചെയ്യാത്തതെന്നും ചോദിക്കുന്നത്.
തന്നെ പിടികൂടുമ്പോൾ മുറിയിലെ സിസി ടി.വികൾ ഓഫ് ചെയ്തിരുന്നു. തനിക്ക് ആരേയും ഫെയ്സ് ചെയ്യാൻ മടിയില്ലെന്നും റഫീന പറയുന്നു.കഴിഞ്ഞ ദിവസം പറശ്ശിനിക്കടവ് കോൾമെട്ടയിലെ ലോഡ്ജ് മുറിയിൽ എം.ഡി.എം.എയുമായി രണ്ട് യുവതികളുൾപ്പെടെ നാലുപേരേയാണ് അറസ്റ്റ് ചെയ്തത്. ഇരിട്ടി മരുതായിയിലെ പുതിയപുരയിൽ മുഹമ്മദ് ഷംനാദ് , വളപട്ടണത്തെ അമ്പലത്തിലകത്ത് വീട്ടിൽ . ജംഷിൻ, ഇരിക്കൂർ മഞ്ഞപ്പാറ കോട്ടക്കുന്നിൽ ഹൗസിൽ കെ. റഫീന, കണ്ണൂർ ഉപ്പാലവളപ്പ് കെ.കെ. ഹൗസിൽ ഫാത്തിമത്തുൾ ജസീന എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽനിന്ന് എം.ഡി.എം.എയും ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും പിടിച്ചെടുത്തിരുന്നു.
കേസെടുത്തിട്ടുണ്ടെന്ന് എക്‌സൈസ്
റഫീനയുടെ വീഡിയോയ്ക്ക് കീഴിൽ എക്‌സൈസ് കമന്റായി വിശദീകരണം നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലുള്ള ലഹരി ആയതുകൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നുമാണ് എക്‌സൈസിന്റെ വിശദീകരണം.
ഞാൻ എന്റെ വീട്ടിൽ തന്നെയാണ്.....
ജയിലിലാണ്, അവിടെയാണ് ഇവിടെയാണ് എന്നൊക്കെ കുറേ ആളുകൾ കമന്റ് ഇട്ടിട്ടുണ്ട്. ഞാൻ എന്റെ വീട്ടിൽ തന്നെയാണ്. വീഡിയോയ്ക്ക് മുമ്പിലും ഫോട്ടോസിനും ഫെയ്സ് ചെയ്യാൻ എനിക്ക് ഒരു പേടിയും ഇല്ല- റഫീന. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. തെറ്റ് ചെയ്യാത്തിടത്തോളം തനിക്ക് ഒരാളെയും പേടിക്കണ്ട. നാട്ടിലിറങ്ങാൻ പേടിയില്ല, മറ്റുള്ളവരെ ഫെയ്സ് ചെയ്യാനും തനിക്ക് പേടിയില്ല.എന്റെ കുടുംബക്കാരും നാട്ടുകാരും എല്ലാം ആ വീഡിയോ കണ്ടു. എല്ലാവരും അത് ഷെയർ ചെയ്യുന്നുണ്ട്. എം.ഡി.എം.എയുമായി പിടിച്ചിട്ടുണ്ടെങ്കിൽ എന്നെ എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല. എന്തുകൊണ്ട് എന്റെ പേരിൽ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാമെന്നാണ് ഇവരുടെ വിചാരം. ഇതിന് പിന്നിലെ സത്യമറിയാൻ അങ്ങേയറ്റം വരെ പോകുമെന്നും യുവതി വീഡിയോയിൽ പറയുന്നു.
ലഹരി സംഘത്തിൽ കൂടുതൽ പേർ
അതെ സമയം ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ചാണ് സംഘം ർ ലോഡ്ജിലെത്തിയതെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു. പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതികൾ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിൽ നിന്ന് വിളിക്കുമ്പോഴെല്ലാം ഫോൺ പരസ്പരം കൈമാറി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എക്‌സൈസ് വാദം. പിടിയിലായ യുവാക്കളിൽ ഒരാൾ പ്രവാസിയും മറ്റൊരാൾ നിർമാണമേഖലയിൽ തൊഴിലെടുക്കുന്നയാളുമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. റഫീന മോഡലിംഗ് രംഗത്തും പ്രവർത്തിക്കുന്നുണ്ട്. ലഹരിസംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്കായി വലവിരിച്ചിട്ടുണ്ടെന്നും എക്‌സൈസ് പറയുന്നു.