ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തീരുമാനം: കരാർ അവസാനിപ്പിച്ച് കൗൺസിൽ
കണ്ണൂർ: ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി മാലിന്യങ്ങൾ നീക്കുന്നതിന് റോയൽ വെസ്റ്റേൺ പ്രോജക്ടസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കാനും കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ടെർമിനേറ്റ് ചെയ്യാനും ഇന്നലെ നടന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.നാളുകളായി അഴിമതി ആരോപണം ഉയരുകയും എൽ.ഡി.എഫ് സമരം 15 ദിവസം പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ കരാറുകാരനെ നീക്കുന്ന വിഷയം അജണ്ടയായി ഉൾപ്പെടുത്തിയത്.
പ്രവൃത്തിയിൽ 1.77 കോടി രൂപയുടെ അഴിമതി നടന്നതായുള്ള ആരോപണത്തിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. മേയ് 31ന് മുമ്പായി പ്രവൃത്തി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്തിന് നാളിതുവരെയായിട്ടും കരാറുകാരൻ മറുപടി നൽകിയിട്ടില്ല. ഇതും കരാർ ലംഘനവും ആരോപിച്ചാണ് കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് മേയർ മുസ്‌ലീഹ് മഠത്തിൽ പറഞ്ഞു.
അതെ സമയം അഴിമതി നടന്നിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം. ഇലക്ഷൻ അടുക്കുമ്പോൾ സമര ദാഹികൾ ചെയ്യുന്നതാണ് കോർപ്പറേഷന് പുറത്തുള്ള സമരമെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരനെതിരെ നിയമനടപടികൾ സ്വീകരിക്കാനും മിഷനറീസ് കണ്ടുകെട്ടുന്നതുപെടെയുള്ള നടപടികൾക്കും മേയർ നിർദ്ദേശം നൽകുകയും ചെയ്തു.
വൈകി വന്ന വിവേകമെങ്കിലും സന്തോഷം:എൻ.സുകന്യ വൈകിയായാലും ഉണ്ടായ വിവേകത്തെ അംഗീകരിക്കാൻ തങ്ങൾക്ക് മടിയില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർ എൻ.സുകന്യ പറഞ്ഞു. എൽ.ഡി.എഫ് നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഭരണകർത്താക്കൾ. കരാറുകാരനെ ടെർമിനേറ്റ് ചെയ്താൽ മാത്രം പോര. നിയമനടപടി സ്വീകരിക്കാനും ഗ്രൗണ്ടിലുള്ള കരാറുകാരന്റെ സാമഗ്രികളും യന്ത്രങ്ങളും പിടിച്ചെടുത്ത് നഷ്ടം പരിഹരിക്കാനും ആവശ്യമായ നിർദ്ദേശം നൽകണമെന്നും സുകന്യ ആവശ്യപ്പെട്ടു.
അവസാനശ്രമമവും പാളിയപ്പോഴെന്ന് പി.കെ.രാഗേഷ്
യാഥാർത്ഥ്യം ഇപ്പോഴെങ്കിലും കോർപറേഷന് മനസിലായത് ശുഭ പ്രതീക്ഷയാണെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷ് പറഞ്ഞു. നിയമപരമായി നടപടി വേണം. കരാറുകാരനെ പോളിഷ് ചെയ്യാനുള്ള അവസാന ശ്രമവും പാഴായപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം 2025- 26 വർഷത്തെ വാർഷിക പദ്ധതികൾ പലതും പാതിവഴിയിൽ ആകാൻ കാരണം ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയാണെന്ന് ഭരണപക്ഷത്തുള്ള കൗൺസിലർ റസാഖ് യോഗത്തിൽ ആരോപിച്ചു.ഇക്കാര്യത്തിൽ ഭരണസമിതിയുടെ പോരായ്മയും വിഷയമാണെന്നായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. പ്രവൃത്തികൾ പൂർണമായും നടന്നോയെന്ന് നോക്കേണ്ടത് ഭരണസമിതിയാണെന്നായിരുന്നു പ്രതിപക്ഷ കൗൺസിലറായ ടി.രവീന്ദ്രന്റെ വിലയിരുത്തൽ. എന്നാൽ ആവശ്യത്തിന് എ.ഇ മാരെ അനുവദിക്കാതെ ആർക്കും വേണ്ടാത്ത ഉദ്യോഗസ്ഥന്മാരെ നിയമിച്ച് സർക്കാർ കോർപ്പറേഷനോട് അനാസ്ഥ കാട്ടിയെന്നായിരുന്നു ഇതിന് മേയറുടെ മറുപടി.