ഓട്ടോഡ്രൈവറെ റെയിൽവേ സ്റ്റേഷന് പുറത്ത് നിർത്തി കടന്നുകളഞ്ഞു എം.വി.ഐ ചമഞ്ഞ് സ്വർണ്ണമോതിരം തട്ടി

Monday 07 April 2025 9:47 PM IST

തലശ്ശേരി എം.വി.ഐ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ സ്വർണ്ണമോതിരം തട്ടിയെടുത്തതായി പരാതി. പുന്നോൽ ആച്ചുകുളങ്ങര ത്രയമ്പകം വീട്ടിൽ താമസക്കാരനായിരുന്ന കെ.സി സദാനന്ദന്റെ മുക്കാൽ പവനോളം വരുന്ന സ്വർണ്ണമോതിരമാണ് എം.വി.ഐ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ തട്ടിയെടുത്തതെന്ന് സദാനന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ചപ്പോഴാണ് തലശ്ശേരി എം.വി.ഐ സന്തോഷ് ആണെന്നും ഭാര്യ റെയിൽവെ ജീവനക്കാരിയാണെന്നും പറഞ്ഞ് യാത്രക്കാരൻ വിശ്വാസം പിടിച്ചുപറ്റിയത്. മികച്ച ഡിസൈൻ ആണെന്നും ഭാര്യയെ കാണിച്ചുകൊടുത്ത് ഉടൻ തിരിച്ചുതരാമെന്നും പറഞ്ഞാണ് ഈയാൾ വിരലിൽ അണിഞ്ഞ മോതിരം വാങ്ങിയതെന്ന് സദാനന്ദൻ പറഞ്ഞു. ഫോട്ടോ എടുത്താൽ പോരെയെന്ന് ചോദിച്ചപ്പോൾ ഫോട്ടോയിൽ ക്ളിയറാകില്ലെന്ന് പറഞ്ഞ ഈയാൾ തന്റെ ഫോണും ഒരു പുതിയ ബാഗും ഓട്ടോയിൽ വച്ചാണ് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോയത്.ആർ.ടി.ഒ , എം.വി.ഐ സന്തോഷ് എന്ന കുറിപ്പും ഇതോടൊപ്പം എഴുതി നൽകിയിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോയ യാത്രക്കാരൻ ഏറെ കഴിഞ്ഞിട്ടും വരാതായതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം ഡ്രൈവർക്ക് മനസിലായത്. ഉടൻ തലശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.ഓട്ടോയിൽ വച്ച മൊബൈൽ ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. സീറ്റിൽ സൂക്ഷിച്ച ബാഗും കാലിയായിരുന്നു. പൊലീസ് സമീപത്തെ സി സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.'