വഖഫ് പ്രതിഷേധം, മണിപ്പൂരിൽ ബി.ജെ.പി നേതാവിന്റെ വീടിന് തീയിട്ടു
ഗുവാഹത്തി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പൂരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അസ്കർ അലിയുടെ വീടിന് തീയിട്ടു. തൂബാൽ ജില്ലയിലെ ലിലോംഗിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വ്യാപക പ്രതിഷേധം നടന്നിരുന്നു. അയ്യായിരത്തോളം വരുന്ന പ്രതിഷേധക്കാർ ലിലോംഗിലെ ദേശീയ പാതയിൽപ്രദേശത്ത് തടിച്ചുകൂടി. പ്രതിഷേധം കണക്കിലെടുത്ത് ഞായർ രാവിലെ മുതൽ സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. പ്രകടനത്തിനിടെ ബി.ജെ.പി നേതാവിന്റെ വീടിന് തീയിടുകയായിരുന്നു.
ശനിയാഴ്ച സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വഖഫ് ഭേദഗതിയെ അസ്കർ അനുകൂലിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. വീടിന് തീയിട്ടതിന് പിന്നാലെ വഖഫ് നിയമഭേദഗതിയിൽ മുൻനിലപാട് മാറ്റിക്കൊണ്ടുള്ള കുറിപ്പ് അസ്കർ ഫേസ്ബുക്കിൽ പങ്കുവച്ചു.