സിവിൽ കേസിനെ ക്രിമിനലാക്കി, യു.പിയിൽ നടക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് സുപ്രീംകോടതി

Tuesday 08 April 2025 1:51 AM IST

ന്യൂഡൽഹി : സിവിൽ സ്വഭാവമുള്ള കേസിനെ ക്രിമിനൽ കേസാക്കി മാറ്റിയ ഉത്തർപ്രദേശ് പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. യു.പിയിൽ നടക്കുന്നത് തികച്ചും തെറ്റായ കാര്യങ്ങളാണ്. ഓരോ ദിവസവും സിവിൽ വിഷയങ്ങൾ ക്രിമിനൽ കേസാക്കി മാറ്റുന്നു. ഇത് നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമായിട്ടാണെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ ഡി.ജി.പിയോട് വിശദീകരണം ആവശ്യപ്പെട്ടു. കൃത്യവും, പൂർണവുമായ കുറ്റപത്രം കോടതികളിൽ സമർപ്പിക്കണമെന്ന കോടതി നിർദ്ദേശം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്‌ക്കകം അറിയിക്കണം.

ചെക്ക് കേസിന് പുറമെ

25 ലക്ഷം രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടു പേർ തമ്മിലുണ്ടായിരുന്ന സിവിൽ തർക്കത്തെയാണ് ഗൂഢാലോചനാക്കുറ്റം, വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിട്ട് ക്രിമിനൽ കേസാക്കി മാറ്റിയത്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ വിചാരണാനടപടികൾ കോടതി സ്റ്റേ ചെയ്‌തു. ചെക്കുകേസിലെ നടപടികൾ തുടരാമെന്നും വ്യക്തത വരുത്തി.