വാക്ക് തിരുത്തി; വേർപിരിയാനെത്തിയവർ ഒന്നിച്ച് വീട്ടിലേക്ക്
തിരുവനന്തപുരം: വഴക്ക് കൂടിയപ്പോൾ ഉപയോഗിച്ച മോശമായ ഒരുവാക്ക് ദമ്പതികളെ ചെന്നെത്തിച്ചത് മാസങ്ങൾ നീണ്ട വേർപിരിയൽ കേസിൽ. ഒടുവിൽ തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞതോടെ ഇരുവരും ഒന്നിച്ച് വീട്ടിലേക്ക്. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജില്ലാ അദാലത്തിലായിരുന്നു ക്ഷമാപണവും മടക്കവും. അദാലത്തിൽ ഇത്തരം രണ്ട് കേസുകളാണ് കൗൺസിലിലൂടെ ഒത്തുതീർപ്പാക്കിയതെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി പറഞ്ഞു.
തൊഴിലിടത്തെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും പരാതി ലഭിക്കുന്നുണ്ട്. സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾക്കെതിരെയുള്ള പരാതിയെക്കുറിച്ചും അന്വേഷിക്കും.
മരത്തിന്റെ ഇല വീഴുന്ന പ്രശ്നങ്ങൾ തുടങ്ങി അയൽക്കാർ തമ്മിലുള്ള സ്വത്ത് തർക്കം, വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച സഹോദരിക്ക് സ്വത്ത് നൽകുന്ന തർക്കം, സ്ത്രീകൾക്കിടയിലെ പണമിടപാട് എന്നിവയും അദാലത്തിലെ വിഷയങ്ങളായിരുന്നു. ഇതിൽ മൂന്ന് ഇടപാടുകളിൽ പണം നൽകി പറ്റിക്കപ്പെട്ട കേസും പരിഗണനയ്ക്ക് വന്നു. വായ്പ ലഭ്യമാകാൻ യഥേഷ്ടം അംഗീകൃത വഴികൾ ഉണ്ടെന്നിരിക്കേ, ഒരു രേഖയുമില്ലാതെയുള്ള ഇടപാടുകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കമ്മിഷൻ ചെയർപേഴ്സൺ ഓർമ്മിപ്പിച്ചു.
തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ 150 കേസുകൾ പരിഗണിച്ചു. 21 കേസുകൾ പരിഹരിച്ചു. 11 കേസുകളിൽ റിപ്പോർട്ട് തേടിയപ്പോൾ രണ്ടെണ്ണം കൗൺസലിംഗിനയച്ചു. 116 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ,വി.ആർ. മഹിളാമണി,പി.കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി. ഡയറക്ടർ ഷാജി സുഗുണൻ,സി.ഐ. ജോസ് കുര്യൻ,കൗൺസിലർ കവിത എന്നിവരും പരാതികൾ പരിഗണിച്ചു.