ഡി.ശില്പ ബംഗളുരു സി.ബി.ഐ യിലേക്ക് 

Monday 07 April 2025 10:08 PM IST

കാസർകോട്: കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ സി.ബി.ഐയിലേക്ക്. ഇതു സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇന്നലെ ഇറങ്ങി. പകരം കണ്ണൂർ റൂറൽ എസ്.പി അനൂജ് പലിവാളിന് താൽക്കാലിക ചുമതല കൈമാറി.

ബംഗ്ളൂരു സി.ബി.ഐ യൂണിറ്റ് എസ്.പിയായി ശിൽപ്പയ്ക്ക് അഞ്ചു വർഷത്തെ ഡെപ്യുട്ടേഷനിലാണ് നിയമനം നൽകിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്ത വകുപ്പിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. കാസർകോട് എ.എസ്.പിയായിട്ടാണ് ഡി. ശിൽപ്പ കേരള പൊലീസിൽ എത്തിയത്. പിന്നീട് കാസർകോട് ജില്ലാ പൊലീസ് മേധാവിയായി രണ്ടുതവണ സേവനമനുഷ്‌ഠിച്ചു. കോട്ടയം, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിലും പൊലീസ് മേധാവിയായി സേവനമനുഷ്‌ഠിച്ചു. കാസർകോട് എസ്.പിയായതിന് ശേഷം പൂച്ചക്കാട്ടെ പ്രമാദമായ പ്രവാസി വ്യവസായി ഗഫൂർ ഹാജി കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡി ശിൽപ്പയാണ്. ജില്ലയെ ലഹരി വിമുക്തമാക്കുന്നതിനും ഒട്ടേറെ ശ്രമങ്ങൾ നടപ്പിലാക്കിയിരുന്നു.കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ്, തിരുവനന്തപുരത്തെ ഷാരോൺ വധക്കേസ് എന്നിവ തെളിയിക്കുന്നതിലും നേതൃത്വം നൽകിയ ഡി ശിൽപ്പ ബംഗ്ളൂരു, എച്ച്.എസ്.ആർ ലേ ഔട്ട് സ്വദേശിനിയാണ്.