കിഴിവ് കൊള്ളയ്ക്ക് പിന്നാലെ നെല്ലുവിലയ്ക്കായി കാത്തിരിപ്പ് !
ആലപ്പുഴ : മില്ലുകാരുടെ കിഴിവ് കൊള്ളയ്ക്ക് പുറമേ, സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാനുള്ള കാലതാമസവും പുഞ്ചകൃഷി ചെയ്ത കർഷകർക്ക് തിരിച്ചടിയാകുന്നു. മാർച്ച് 15ന് ശേഷം സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് തുക വൈകുന്നതിനാൽ കുട്ടനാട്ടിൽ കർഷകർ ദുരിതത്തിലാണ്. കൃഷിയ്ക്കും കൊയ്ത്തിനുമായി പലിശയ്ക്കെടുത്തും പണയം വച്ചും വാങ്ങിയ പണം തിരിച്ചടയ്ക്കാനും വീട്ടുചെലവിനും നിവൃത്തിയില്ലാതെ വലയുകയാണ് ഇവർ.
വിളവെടുപ്പ് ആരംഭിച്ച് ആദ്യറൗണ്ടിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് മാർച്ച് 15വരെ വിതരണം ചെയ്തത്.
കൊയ്ത്തിന്റെ തുടക്കമായതിനാൽ മാർച്ച് 15വരെ 47,645 ക്വിന്റൽ നെല്ലായിരുന്നു സംഭരിച്ചത്. എന്നാൽ ദിവസങ്ങൾക്കകം കൊയ്ത്ത് ഉഷാറാകുകയും വിളവെടുപ്പ് പകുതിയിലധികം വിളവെടുപ്പ് പൂർത്തിയാകുകയും ചെയ്തതിന് പിന്നാലെയാണ് കർഷകർക്ക് പി.ആർ.എസ് നൽകുന്നതിലും പാഡി പേയ്മെന്റ് ഓഫീസിൽ നിന്ന് പി.ആർ.എസ് അംഗീകരിച്ച് പണം നൽകുന്നതിലുമുള്ള നടപടികൾ മന്ദഗതിയിലായത്. മാർച്ച് 15ന് ശേഷം സംഭരിച്ച നെല്ലിന്റെ വില നൽകാനുള്ള പണം സർക്കാർ അനുവദിച്ചിട്ടില്ല.
ഉൽപ്പാദന ചിലവിന് ആനുപാതികമായി നെല്ലിന്റെ വില കൂട്ടാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകാതിരിക്കുകയും സംഭരിച്ച നെല്ലിന്റെ വില യഥാസമയം ലഭിക്കാതിരിക്കുകയും ചെയ്തതോടെ വരാനിരിക്കുന്ന ഈസ്റ്റർ- വിഷുക്കാലത്ത് കുട്ടനാട്ടിൽ കർഷകർക്ക് കടവും കണ്ണീരുമാകും മിച്ചം.
സ്പോട്ട് പി.ആർ.എസും പ്രയോജനപ്പെട്ടില്ല
1. സംഭരിക്കുന്ന നെല്ലിന്റെ പണം കാലതാമസം കൂടാതെ വിതരണം ചെയ്യാൻ സ്പോട്ട് പി.ആർ.എസ് ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രയോജനപ്പെട്ടിട്ടില്ല
2. മില്ലുകളുടെ ഏജന്റുമാർ നൽകുന്ന പി.ആർ.എസ് രസീത് അംഗീകരിച്ച് സപ്ളൈകോ ബാങ്കിലേക്ക് നൽകുന്ന സ്റ്റിന്റെ അടിസ്ഥാനത്തിലാണ് നെൽവില വിതരണം
3. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അടിക്കടിയുണ്ടാകുന്ന വേനൽമഴയും കൊടും ചൂടും മില്ലുകാരുടെ കിഴിവ് കൊള്ളയും കർഷകരെ പ്രതിസന്ധിയിലാക്കി
4. കൊള്ളപലിശയ്ക്ക് പണം കടമെടുത്താണ് കർഷകർ കൊയ്ത്തിനുള്ള പണം പോലും കണ്ടെത്തുന്നത്. ഒരേക്കർ സ്ഥലത്തെ വിളവെടുപ്പിന് ചുരുങ്ങിയത് പതിനായിരത്തിലധികം രൂപ ചെലവാകും.
വിളവെടുപ്പ് കൈകാര്യ ചെലവ് (ഒരു ഏക്കറിൽ)
കൊയ്ത്തും നെല്ല് സംഭരണവും ............ ₹260...300 വരെ ( ക്വിന്റലിന്)
20 ക്വിന്റലിന്............................................ ₹5200 (ശരാശരി)
കൊയ്ത്ത് കൂലി........2200x 2 മണിക്കൂർ... ₹4400
പമ്പിംഗ് ചാർജ്..................................... ₹1000-2500 വരെ
പൊതുചെലവ്....................................... ₹500
നെല്ല് സംഭരണക്കണക്ക് ഇന്നലെ വരെ
കൊയ്ത്ത് പൂർത്തിയായത്.....................67.90 ശതമാനം
ഇതിനോടകം സംഭരിച്ചത്...................66814.814 മെട്രിക് ടൺ
നെല്ല് സംഭരിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്ത സ്ഥിതിയാണ്. ഈസ്റ്റർ, വിഷു സീസണായിരിക്കെ കൊയ്ത്ത് ചെലവിന് പണം കടം വാങ്ങിയ കർഷകർ പലിശ നൽകാൻപോലും ഗതിയില്ലാത്ത നിലയിലാണ്
-നെൽകർഷക സംരക്ഷണ സമിതി