എം.എ. ബേബിയെത്തി:എ.കെ.ജി സെന്ററിൽ ആവേശത്തിമിർപ്പ്

Tuesday 08 April 2025 1:59 AM IST

തിരുവനന്തപുരം:മധുരയിലെ പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയുടെ പുതിയ പദവിയിലേക്ക് പടികൾ കയറിയ എം.എ.ബേബി നേരെ എത്തിയത് തലസ്ഥാനത്ത് എ.കെ.ജി.സെന്ററിൽ അണികളുടെ ആവേശത്തിമിർപ്പിലേക്ക്.ബേബി വരുന്നതറിഞ്ഞ പ്രവർത്തകർ ചുവപ്പൻഷാളും കൊടികളും പൂക്കളുമൊക്കെയായി വന്നു കൂടിയപ്പോൾ റോഡിൽ തിക്കും തിരക്കുമായി. അണികളോട് രണ്ടു വാക്ക് പറയണമെന്ന് ജില്ലാസെക്രട്ടറി വി.ജോയി അഭ്യർത്ഥിച്ചപ്പോൾ ,ഇപ്പോൾ അങ്ങനെ പറയാൻ നിയന്ത്രണമുണ്ടെന്നായിരുന്നു മറുപടി.

ആവേശസ്വീകരണം ഏറ്റുവാങ്ങുന്നുവെന്നും പാർട്ടി ഏൽപിച്ച ദൗത്യം വിനയത്തോടെ ഏറ്റെടുക്കുകയാണെന്നും ബേബി പറഞ്ഞു.ഇതിന്റെ ഇരട്ടി ആവേശം വരുന്ന തിരഞ്ഞെടുപ്പുകളിൽ കാണിക്കണം.രാജ്യത്തെ രക്ഷിക്കാനുള്ള മതേതര ജനാധിപത്യപോരാട്ടത്തിന്റെ കാവലാൾ കേരളത്തിലെ ഇടതുമുന്നണി ഭരണമാണ്.അതിനെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രനീക്കങ്ങളെ അതിജീവിച്ചാണ് അഭിമാനകരമായ ബദൽ വികസനപരിപാടികളുമായി കേരളം മുന്നോട്ട് പോകുന്നത്. അതിന് തുടർഭരണം ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാസെക്രട്ടറി വി.ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രി വി.ശിവൻകുട്ടി, കേന്ദ്ര

കൺട്രോൾ കമ്മിഷൻ അംഗം എം.വിജയകുമാർ, എ.എ.റഹിം എം.പി,ഡി.കെ.മുരളി എം.എൽ.എ,സി.ജയൻബാബു.എസ്.പുഷ്പലത തുടങ്ങിയവരും നഗരത്തിലെ നേമം,വഞ്ചിയൂർ,പാളയം,പേരൂർക്കട,ചാല ഏരിയ കമ്മിറ്റി ഭാരവാഹികളും നിരവധി പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.

പാർട്ടി കോൺഗ്രസ് കഴിഞ്ഞ് തമിഴ്നാട്ടിലെ പാർട്ടി സ്ഥാപകനേതാക്കളിലൊരാളായ പി.രാമമൂർത്തിയുടെ മധുരയിലെ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യമർപ്പിച്ചശേഷം പന്ത്രണ്ടരയോടെയാണ് ബേബി ഭാര്യ ബെറ്റിക്കൊപ്പം റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് തിരിച്ചത്. പോളിറ്റ് ബ്യൂറോ അംഗം കെ.ബാലകൃഷ്ണൻ,സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.ഷൺമുഖം തുടങ്ങിയ നേതാക്കൾ യാത്രയാക്കാനെത്തിയിരുന്നു.വൈകിട്ട് അഞ്ചേകാലോടെ എ.കെ.ജി.സെന്ററിലെത്തിയ ജനറൽ സെക്രട്ടറിയെ നിരവധി നേതാക്കളും പ്രവർത്തകരും എതിരേറ്റു..