ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെ.പി.സി.സി
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിൽ കെ.പി.സി.സി സ്വീകരിച്ച അനുകൂല നിലപാടിനെ തള്ളിപ്പറയുകയും സമരത്തിനെതിരെ തുടർച്ചയായി പ്രതികരിക്കുകയും ചെയ്ത ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെ.പി.സി.സി.നിഷേധാത്മക നടപടി തുടർന്നാൽ നടപടി നേരിടേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നൽകിയ കത്തിൽ വ്യക്തമാക്കി. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവരുമായി കൂടിയാലോചനകൾക്ക് ശേഷമാണ് നടപടി.ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തെ കോൺഗ്രസ് നേതാക്കൾ പിന്തുണയ്ക്കുകയും സമരപ്പന്തൽ സന്ദർശിക്കുകയും ചെയ്ത അവസരത്തിലാണ് ചന്ദ്രശേഖരൻ സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. സി.ഐ.ടി.യു നിലപാടിനൊപ്പം ചേർന്ന് സമരത്തെ പിന്തുണക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.ഇതിനെതിരെ കോൺഗ്രസിൽ കടുത്ത പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ കെ.സി.വേണുഗോപാൽ അടക്കമുള്ള നേതാക്കൾ ചന്ദ്രശേഖരനുമായി സംസാരിച്ചിരുന്നു. ആദ്യമൊന്നും നിലപാട് മാറ്റാതിരുന്ന ചന്ദ്രശേഖരൻ , ഒടുവിൽ പാർട്ടി നേതാക്കളുടെ ആവശ്യത്തെ തുടർന്ന് നിലപാട് മാറ്റുകയാണെന്ന് പ്രസ്താവനയിറക്കി. എന്നാൽ മന്ത്രി വീണ ജോർജ് വിളിച്ച ചർച്ചയിൽ പങ്കെടുത്ത ആർ. ചന്ദ്രശേഖരൻ , ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ വയ്‌ക്കണമെന്ന് നിർദ്ദേശം വച്ചു.ഇത് മന്ത്രി അംഗീകരിച്ചതോടെ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു. സി.ഐ.ടി.യുവിനോപ്പം ചേർന്ന് സമരം പൊളിക്കാനുള്ള തിരക്കഥയായിരുന്നു ചന്ദ്രശേഖരന്റേതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. എന്നാൽ താൻ അത്തരമൊരു അഭിപ്രായം പറഞ്ഞില്ലെന്ന് വ്യക്തമാക്കിയെങ്കിലും സമരത്തിന്റെ പോക്ക് എങ്ങോട്ടാണെന്നറിയില്ലെന്ന് പരിതപിക്കുകയായിരുന്നു . ഇതും കൂടിയായതോടെയാണ് താക്കീത് ചെയ്യാൻ കെ.പി.സി.സി തീരുമാനിച്ചത്.കെ.പി.സി.സി സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ് ചന്ദ്രശേഖരൻ.
.