ഹയർ സെക്കൻ‌ഡറി സ്ഥലംമാറ്റത്തിന് പോർട്ടൽ

Tuesday 08 April 2025 12:16 AM IST

തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തിലെ സർക്കാർ ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ പൊതുസ്ഥലമാറ്റവും നിയമനവും ഓൺലൈനാക്കുന്നതിന് പോർട്ടൽ തുറന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂൺ ഒന്നിന് മുമ്പ് സ്ഥലമാറ്റവും നിയമനവും പൂർത്തീകരിക്കുന്ന വിധത്തിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. ഇതുപ്രകാരം അദ്ധ്യാപകർ www.dhsetransfer.kerala.gov.in പോർട്ടലിൽ ഏപ്രിൽ 16വരെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.

പ്രിൻസിപ്പൽമാർ ഇത് പരിശോധിച്ച് കൃത്യത വരുത്തണം. അദ്ധ്യാപകർ പ്രൈഫൈൽ 'കൺഫേം' ചെയ്യണം. മേയ് 31വരെ വിരമിക്കുന്ന അദ്ധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും എണ്ണംകൂടി ഉൾപ്പെടുത്തിയാണ് ഒഴിവുകൾ കണക്കാക്കുന്നത്. ഓരോ സ്‌കൂളിലെയും ഒഴിവുവിവരങ്ങൾ തത്സമയം അറിയാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

രേഖകളും, പരാതികളുമടക്കം അദ്ധ്യാപകർ പോർട്ടലിലൂടെ വേണം പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത്. പ്രത്യേകം പരാതികൾ നൽകേണ്ടതില്ല. നൽകിയ വിവരങ്ങളുടെ/ പരാതികളുടെ സ്റ്റാറ്റസ് ഓരോ അദ്ധ്യാപകനും അവരുടെ ലോഗിനിൽ ലഭ്യമാകും. സാങ്കേതിക പിന്തുണയ്ക്കായി കൈറ്റിന്റെ ഹെല്പ് ഡെസ്‌ക്കുമുണ്ട്.