വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതി അഫാന് ലോൺ ആപ്പിലൂടെ 25 ലക്ഷം കടം
കുടുംബം തകർത്ത മകനോട് ക്ഷമിക്കില്ലെന്നും ഷെമി
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മൊബൈൽ ആപ്ലിക്കേഷൻ വഴി 25 ലക്ഷത്തിന്റെ ലോൺ എടുത്തിരുന്നതായി അമ്മ ഷെമിയുടെ വെളിപ്പെടുത്തൽ. എന്നാൽ അത് തങ്ങളുടെ സ്വത്തിന്റെ പകുതി വിറ്റാൽ തീരാവുന്നതേയുള്ളൂവെന്നും ഷെമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന്റെ തലേ ദിവസം അഫാന് നിരവധി ഫോൺ കാളുകൾ വന്നിരുന്നു. അതിനുശേഷം അഫാൻ അസ്വസ്ഥനായിരുന്നു.
സംഭവദിവസം മൂന്നോളം പേർക്ക് പണം തിരികെ കൊടുക്കാനുണ്ടായിരുന്നെന്നും,ലോൺ ആപ്പിൽ വൻ തുക തിരിച്ചടക്കണമായിരുന്നെന്നും ഷെമി പറഞ്ഞു. ബന്ധുവിന് 50,000 രൂപയും സെൻട്രൽ ബാങ്കിൽ പണം തിരിച്ചടയ്ക്കേണ്ട ദിവസമായിരുന്നെന്നും അവർ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞാണ് കഴുത്തിൽ ഷാൾ കുരുക്കിയത്. സംഭവശേഷം പകുതി ബോധം മാത്രമാണുണ്ടായിരുന്നത്.തന്റെ ഇളയ മകനെ കൊലപ്പെടുത്തി കുടുംബം തകർത്ത അഫാനോട് ക്ഷമിക്കാൻ കഴിയില്ലെന്നും ഷെമി കൂട്ടിച്ചേർത്തു. അഫാന് ബന്ധുക്കളോട് വൈരാഗ്യമില്ല, വിയോജിപ്പുണ്ടായിരുന്നു.കൊല്ലപ്പെട്ട ലത്തീഫിനോടുള്ള പകയ്ക്ക് കാരണം പേരുമലയിലെ വീട് വിൽക്കാൻ തടസം നിന്നതാണെന്നും ഷെമി പറഞ്ഞു.