വേനൽമഴ, മില്ലുകളുടെ സമ്മർദ്ദം... കണ്ണീർ കൊയ്ത് നെൽ കർഷകർ
തൃശൂർ: കോൾപ്പാടങ്ങളേയും മുണ്ടകൻപാടങ്ങളേയും വേനൽമഴ മുക്കുന്നതിന് പിന്നാലെ വിലയിൽ കിഴിവ് ആവശ്യപ്പെട്ട് സ്വകാര്യമില്ലുകളുടെ കുരുക്കും നെൽക്കർഷകരെ നട്ടംതിരിക്കുന്നു. പുല്ലഴി കോൾപ്പാടത്തെ കൊയ്ത്ത് പൂർത്തിയാകാൻ ഈ മാസം അവസാനമാകും. ഇതുവരെ രണ്ട് ലോഡ് നെല്ല് മാത്രമാണ് മില്ലുടമകൾ കൊണ്ടുപോയത്. പതിനഞ്ച് ലോഡ് നെല്ല് ഇപ്പോഴും സംഭരണകേന്ദ്രത്തിലാണ്. നെല്ല് സംഭരണത്തിലെ പ്രതിസന്ധി ഒഴിവാക്കാൻ കൃഷി വകുപ്പ്, സപ്ലൈകോ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇനിയും വേനൽമഴ ശക്തമായാൽ കൊയ്ത്ത് പ്രതിസന്ധിയിലാകും. നെല്ലിൽ ഈർപ്പമുണ്ടെന്ന വാദത്തിൽ മില്ലുടമകൾ വീണ്ടും വില വെട്ടിക്കുറയ്ക്കുമെന്നും നെല്ല് സംഭരണത്തിലെ പാകപ്പിഴകൾ ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർഷകർ പറഞ്ഞു. അടിയന്തരമായി നെല്ല് സംഭരണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിക്ക് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.
മുണ്ടകനിൽ പ്രശ്‌നം മലിനജലം
കുന്നംകുളം കിഴൂർ ബണ്ട് പാടശേഖരത്തിൽ മുണ്ടകൻ കൃഷിയിറക്കാനും തടസങ്ങളേറെയുണ്ട്. ബണ്ടിലെ മലിനജലപ്രശ്‌നം പരിഹരിക്കുന്നതിന് കൃഷിയല്ലാതെ വേഗത്തിൽ നടപ്പാക്കാനാകുന്ന മറ്റൊരു പദ്ധതിയുമില്ല. വെള്ളം കുറഞ്ഞ ഈ രണ്ടു മാസത്തിനുള്ളിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ അടുത്ത സീസണിലും ഇവിടെ കൃഷിയിറക്കാനാകില്ല. 250 ഏക്കറിലേറെ വിസ്തൃതിയുള്ള പാടശേഖരത്തിലൂടെ കടന്നുപോകുന്ന ജലാശയങ്ങൾ പലതും മലിനമാണ്.
മുണ്ടകപ്പാടത്തെ കടമ്പകൾ
- ജലാശയങ്ങളിൽ കുളവാഴകളും ചണ്ടികളുമേറെ
- കളകളും പുല്ലും നീക്കംചെയ്യാൻ നടപടിയില്ല
- സ്ലൂയിസുകളും ഇടത്തോടുകളും നിർമ്മിച്ചില്ല
- കൃഷിയിറക്കുമ്പോഴേയ്ക്കും വെളളം നിറയും
വൈക്കോലിനും വിലയില്ല
മുൻകാലങ്ങളിൽ വിലയുണ്ടായിരുന്നെങ്കിലും മുണ്ടകൻ വൈക്കോലിന് ആവശ്യക്കാർ കുറഞ്ഞത് വൻ തിരിച്ചടിയായി. ആവശ്യക്കാരില്ലാത്തതും വേനൽ മഴ ശക്തമായതുമാണ് വില ഇടിയാൻ കാരണം. കൃഷിച്ചെലവിന് ആനുപാതികമായുളള പണം മുണ്ടകൻ കൊയ്ത്തിനുശേഷം വൈക്കോൽ വിൽപനയിലൂടെ കർഷകർക്ക് ലഭിച്ചിരുന്നു. ക്ഷീരകർഷകരാണ് വൈക്കോൽ വാങ്ങാറുള്ളത്. വീടുകളിൽ കന്നുകാലികളെ വളർത്തൽ കുറഞ്ഞതും ഫാമുകളിൽ പശുക്കൾക്ക് തീറ്റപുല്ലും കടകളിൽനിന്ന് കിട്ടുന്ന കാലിതീറ്റയും നൽകുന്നത് വൈക്കോലിന് ഇടിവ് സംഭവിച്ചു.
അഞ്ച് വർഷം മുൻപ് വൈക്കോൽ വില ഒരു കെട്ടിന്: 250 ഇപ്പോൾ: നൂറുരൂപ
മില്ലുടമകൾ ഇനിയെങ്കിലും കർഷകരെ ദുരിതത്തിലാക്കരുത്. വലിയ പ്രതിസന്ധികളിലൂടെയാണ് കോൾകർഷകർ കടന്നുപോകുന്നത്.
കൊളങ്ങാട്ട് ഗോപിനാഥൻ , പ്രസിഡന്റ്, പുല്ലഴി കോൾപ്പടവ് സഹകരണസംഘം