പകരച്ചുങ്കം നാളെ മുതൽ -- അമേരിക്ക കൂടുതൽ സമ്പന്നമാകും: ട്രംപ്
വാഷിംഗ്ടൺ: യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ തീരുമാനത്തിൽ പിന്നോട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ ഇടിവ് നേരിടുന്നതിനിടെയാണ് ട്രംപ് ന്യായീകരിച്ച് രംഗത്തെത്തിയത്. നാളെ മുതലാണ് പകരച്ചുങ്കം പ്രാബല്യത്തിൽ വരിക.
ചില കാര്യങ്ങൾ ശരിയാകണമെങ്കിൽ ചിലപ്പോൾ മരുന്ന് കഴിക്കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. തൊഴിലവസരങ്ങളും നിക്ഷേപവും യു.എസിൽ തിരിച്ചെത്തുമെന്നും മുമ്പെങ്ങും ഇല്ലാത്തവിധം രാജ്യം സമ്പന്നമാകുമെന്നും കൂട്ടിച്ചേർത്തു.
യു.എസുമായി ധാരണയിലെത്താൻ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. വ്യാപാര പങ്കാളികൾ യു.എസിനെ ചൂഷണം ചെയ്യാൻ കാരണം ജോ ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ട്രംപിന്റെ നയങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം വാഷിംഗ്ടൺ, ബോസ്റ്റൺ, ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂയോർക്ക് നഗരങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
അതേ സമയം, ഏപ്രിൽ 2ന് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്ക നിരക്കുകൾ കൃത്യസമയത്ത് നിലവിൽ വരുമെന്ന് വ്യക്തമാക്കിയ യു.എസ് ഭരണകൂടം സാമ്പത്തിക മാന്ദ്യ ഭീതി തള്ളി. യു.എസിന് തിരിച്ചടിയായി ചൈന ചുമത്തിയ 34 ശതമാനം തീരുവ വ്യാഴാഴ്ച നിലവിൽ വരും. മുമ്പ് പ്രഖ്യാപിച്ചവ അടക്കം ആകെ 54 ശതമാനമാണ് ട്രംപ് ചൈനീസ് ഇറക്കുമതിക്കുമേൽ ചുമത്തിയ തീരുവ.