വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Tuesday 08 April 2025 7:24 AM IST
കാൻബെറ: ആകാശത്ത് വച്ച് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഞായറാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം.
ജോർദ്ദാൻ പൗരനായ ഷാദി തയ്‌സീർ അൽസായ്‌ദേഹ് എന്നയാളെയാണ് ഓസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം വിമാനത്തിന്റെ പിൻഭാഗത്തെ വാതിൽ തുറക്കാനാണ് ഇയാൾ ശ്രമിച്ചത്. യാത്രക്കാരും ക്രൂ അംഗങ്ങളും ഇടപെട്ട് തടഞ്ഞു. ഇതിനിടെ ക്രൂ അംഗത്തെ ഇയാൾ മർദ്ദിക്കുകയും ചെയ്തു.
തുടർന്ന് വിമാനത്തിന്റെ മദ്ധ്യ ഭാഗത്തെത്തിയ ഇയാൾ അവിടുത്തെ എമർജൻസി വാതിൽ തുറക്കാനും ശ്രമിച്ചു. രണ്ട് തവണയും ക്രൂ അംഗങ്ങളുടെ ഇടപെടൽ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു.