പങ്കെടുത്ത് വിദേശികളും: മാരത്തൺ നടത്തി ഉത്തര കൊറിയ

Tuesday 08 April 2025 7:24 AM IST

പ്യോഗ്യാംഗ്: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്യോഗ്യാംഗ് ഇന്റർനാഷണൽ മാരത്തണിന് വേദിയായി ഉത്തര കൊറിയ. ഞായറാഴ്ച തലസ്ഥാനമായ പ്യോഗ്യാംഗിൽ നടന്ന മാരത്തണിൽ ചൈന,​ എത്യോപിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും പങ്കെടുത്തു. ഉത്തര കൊറിയൻ അത്‌ലറ്റാണ് ഫിനിഷ് ലൈൻ ആദ്യം കടന്നത്.

ഉത്തര കൊറിയൻ സ്ഥാപക നേതാവും ഇപ്പോഴത്തെ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ സൂംഗിന്റെ ജന്മവാർഷികം ഏപ്രിൽ 15നാണ്. ഇതിന് മുന്നോടിയായി നടത്തുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമാണ് അന്താരാഷ്ട്ര മാരത്തണും. ഏകദേശം 200 വിദേശികൾ പങ്കെടുത്തെന്നാണ് മാരത്തണിന്റെ ഔദ്യോഗിക പാർട്ണറായ ചൈനീസ് കമ്പനി പറയുന്നത്. മാരത്തൺ അവസാനമായി നടന്ന 2019ൽ 950 വിദേശികൾ പങ്കെടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ച ഉത്തര കൊറിയ 2023 മുതലാണ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകിത്തുടങ്ങിയത്. നേരത്തെ റഷ്യൻ സഞ്ചാരികൾക്ക് ഉത്തര കൊറിയ പ്രവേശനം നൽകിയെങ്കിലും പ്യോഗ്യാംഗിൽ സാധാരണഗതിയിലെ ടൂറിസം പുനരാരംഭിച്ചിട്ടില്ല.