4.7 കോടി രൂപയുടെ മുതലകൾ വില്‌പനയ്‌ക്ക് !

Tuesday 08 April 2025 7:25 AM IST

ബീജിംഗ്: 100 ടൺ സയാമീസ് മുതലകളെ ലേലത്തിന് വച്ച് ചൈനീസ് കോടതി. ചുരുങ്ങിയത് 4.7 കോടി രൂപ ഇവയ്ക്ക് മൊത്തമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. മാർച്ച് 10ന് ഔദ്യോഗികമായി ആരംഭിച്ച ലേലം മേയ് 9 വരെ തുടരും. മുതലകളെ വാങ്ങുന്നവർ അവയെ നേരിട്ട് കൊണ്ട് പോകണമെന്നും ഭാരം നോക്കൽ, ലോഡിംഗ്, യാത്ര തുടങ്ങി എല്ലാ ചെലവുകളും വഹിക്കണമെന്നും കോടതി പറയുന്നു.

മുതലകളെ കൈകാര്യം ചെയ്യുന്നതിൽ ലൈസൻസ് നേടിയവരും അവയെ പരിപാലിക്കാനുള്ള എല്ലാ സംവിധാനം ഉള്ളവരും ആയിരിക്കണം ലേലത്തിൽ പങ്കെടുക്കാൻ. മുതലകളെ ഏറ്റെടുക്കാൻ ആരെങ്കിലും മുന്നോട്ടുവന്നോ എന്ന് വ്യക്തമല്ല. മോ ജുൻറോംഗ് എന്ന ബിസിനസുകാരൻ 2005ൽ സ്ഥാപിച്ച ഗ്വാങ്ങ്ഡോംഗ് ഹോങ്ങ്‌യീ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ് ഈ മുതലകൾ.

'മുതലകളുടെ ദൈവം" എന്നാണ് മോ അറിയപ്പെട്ടിരുന്നത്. എന്നാൽ കമ്പനി സാമ്പത്തിക ബാദ്ധ്യതകളിൽ അകപ്പെട്ടതോടെ മുതലകൾ അടക്കം എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ കോടതി ഉത്തരവിടുകയായിരുന്നു. അതേ സമയം, ജനുവരിയിലും ഫെബ്രുവരിയിലും മുതലകളെ ഉയർന്ന തുകയ്ക്ക് ലേലം ചെയ്യാൻ കോടതി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇറച്ചിയ്ക്കും തോലിനുമായി മുതലകളെ വളർത്തുന്ന ഫാമുകൾ ചൈനയിൽ വ്യാപകമാണ്.

പരമ്പരാഗത വൈദ്യം, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ലെതർ ഉത്പന്നങ്ങൾ തുടങ്ങി വൈനിൽ വരെ മുതലകളുടെ സാന്നിദ്ധ്യം കാണാം. സയാമീസ് ഇനത്തിലെ മുതലകളെ വളർത്താനാണ് അനുമതി. കഴിഞ്ഞ നവംബറിൽ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമിടെ, മാവോമിംഗ് നഗരത്തിലെ ഒരു ഫാമിലെ 70 മുതലകൾ രക്ഷപ്പെട്ടിരുന്നു.