ട്രംപുമായി ചർച്ച നടത്തി നെതന്യാഹു
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഗാസ യുദ്ധം, ബന്ദികളുടെ കൈമാറ്റം എന്നിവയ്ക്കൊപ്പം ട്രംപ് ഇസ്രയേലിന് മേൽ ഏർപ്പെടുത്തിയ പകരച്ചുങ്കവും വിഷയമായി.
ഇറാനിൽ നിന്നുള്ള ഭീഷണിയും ഇരുനേതാക്കളും ചർച്ച ചെയ്തു. ആണവായുധ വിഷയത്തിൽ ഇറാനുമായി ശനിയാഴ്ച ഒരു 'വലിയ ചർച്ച" യു.എസ് നടത്തുമെന്ന് ട്രംപ് പറഞ്ഞു. അതേ സമയം, ബന്ദികളുടെ മോചനത്തിനുള്ള പുതിയ കരാറിനായി ശ്രമിക്കുന്നുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. യു.എസുമായുള്ള വ്യാപാരക്കമ്മി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസിലെ ഇസ്രയേൽ ഇറക്കുമതിക്ക് 17 ശതമാനം പകരച്ചുങ്കം ട്രംപ് ഏർപ്പെടുത്തിയിരുന്നു. നെതന്യാഹു ഇതിൽ ഇളവുകൾ തേടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഈ മാസം 2ന് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് ശേഷം വൈറ്റ് ഹൗസിലെത്തിയ ആദ്യ വിദേശ നേതാവാണ് നെതന്യാഹു.