തഹാവൂർ റാണയുടെ ഹർജി തള്ളി യു.എസ് സുപ്രീം കോടതി

Tuesday 08 April 2025 7:25 AM IST

വാഷിംഗ്ടൺ: മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തഹാവൂർ റാണയുടെ ഹർജി തള്ളി യു.എസ് സുപ്രീം കോടതി. തന്നെ ഇന്ത്യയ്ക്ക് വിട്ടുനൽകാനുള്ള യു.എസ് സർക്കാരിന്റെ നീക്കം സ്​റ്റേ ചെയ്യണമെന്ന് കാട്ടി കഴിഞ്ഞ മാസമാണ് പാകിസ്ഥാനി - കനേഡിയൻ ബിസിനസുകാരനായ റാണ കോടതിയെ സമീപിച്ചത്. കൈമാറ്റം തടയാൻ റാണയുടെ മുന്നിലുണ്ടായിരുന്ന അവസാന വഴിയായിരുന്നു ഇത്. ഹർജി തള്ളിയതോടെ കൈമാറ്റ നടപടികൾ വേഗത്തിലാകും.

ഇന്ത്യയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാർക്കിൻസൺസ്, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ തനിക്കുണ്ടെന്നുമായിരുന്നു ഇയാളുടെ വാദം. പാക് ആർമിയിലെ മുൻ ഡോക്ടറാണ് റാണ. യു.എസ് - ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറുക. ഇയാൾ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ യു.എസിന് കൈമാറിയിരുന്നു.

2008 നവംബർ 26ലെ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും ലഷ്‌കർ ഭീകരരെ സഹായിച്ചതിനും 2013ൽ റാണയ്ക്ക് ഷിക്കാഗോ കോടതി 14 വർഷം തടവ് വിധിച്ചിരുന്നു. ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ ഫെഡറൽ തടങ്കൽ കേന്ദ്രത്തിലാണ്.