ട്രംപിന്റെ ഭീഷണി: ചൈനയ്ക്ക് 50% അധിക തീരുവ കൂടി ചുമത്തും

Tuesday 08 April 2025 7:25 AM IST

വാഷിംഗ്ടൺ: പകരച്ചുങ്കത്തിന് തിരിച്ചടിയായി, യു.എസ് ഇറക്കുമതികൾക്ക് മേൽ ചൈന ചുമത്തിയ 34 ശതമാനം തീരുവ ഉടൻ പിൻവലിക്കണമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ ഇന്ന് മുതൽ 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഇറക്കുമതിക്ക് ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.

യു.എസിനുള്ള തിരിച്ചടി തീരുവ വ്യാഴാഴ്ച നിലവിൽ വരുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. ഏപ്രിൽ 2ന് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്ക പട്ടികയിൽ 34 ശതമാനമാണ് ചൈനയ്ക്ക് ഏർപ്പെടുത്തിയത്. ഇതോടെ മുമ്പ് ഏർപ്പെടുത്തിയവ അടക്കം ചൈനീസ് ഇറക്കുമതിക്ക് മേലുള്ള ആകെ തീരുവ 54 ശതമാനമായി ഉയർന്നു. പിന്നാലെയാണ് ചൈന യു.എസിന് തിരിച്ചടി തീരുവ പ്രഖ്യാപിച്ചത്. നാളെ മുതലാണ് പകരച്ചുങ്കം പ്രാബല്യത്തിൽ വരിക.