സ്വർണ മോതിരം കാണിച്ച് വശീകരിച്ചു, ശപിക്കുമെന്ന് ഭീഷണി; പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 187 വർഷം തടവ്

Tuesday 08 April 2025 3:59 PM IST

കണ്ണൂ‌ർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷാണ് ശിക്ഷ വിധിച്ചത്.

2020 മുതൽ 2021 വരെയുള്ള കൊവിഡ് കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്വർണ മോതിരം കാണിച്ച് വശീകരിച്ചും പുറത്തുപറഞ്ഞാൽ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

മുൻപ് പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 2018ലാണ് ഇയാൾ അറസ്റ്റിലായത്.