അവധിക്കാലം തുടങ്ങി ബീച്ചുകളിൽ തിരക്കേറി

Wednesday 09 April 2025 6:12 AM IST

അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആക്ഷേപം

ശംഖുംമുഖം: തലസ്ഥാനത്തെ ബീച്ചുകളിൽ അവധിക്കാല തിരക്ക് തുടങ്ങിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തത് കല്ലുകടിയാകുന്നു. ശംഖുംമുഖം ബീച്ച്, വേളി ടൂറിസ്റ്റ് വില്ലേജ്,വലിയതുറ കടൽപ്പാലം,വെട്ടുകാട് ചർച്ചിനോടു ചേർന്ന കടൽത്തീരം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് തിരക്കേറിയത്.നട്ടുച്ചയ്ക്ക് പോലും കുട്ടികളടക്കമുള്ള കുടുംബം ബീച്ചുകളിലെത്തുന്നുണ്ട്.എന്നാൽ ബീച്ചുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടില്ലെന്ന പരാതി വ്യാപകമാണ്.

സാമൂഹ്യവിരുദ്ധ ശല്യം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സമൂഹ്യവിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാണ്. സ്ഥിരമായി പൊലീസിന്റെ പട്രോളിംഗില്ലാത്തതും രാത്രിയിൽ ബീച്ചിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും സാമൂഹിക വിരുദ്ധർക്ക് തുണയാകുന്നു. നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രിയിൽ തീരത്ത് വലിച്ചെറിയുന്നതാണ് തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണം.

സുരക്ഷയില്ല വേളി ടൂറിസ്റ്റ് വില്ലേജിൽ എത്തുന്ന സഞ്ചാരികൾക്ക് യാതൊരുവിധ സുരക്ഷയുമില്ല. ദിവസങ്ങൾക്ക് മുൻപ് പത്ത് വയസുള്ള കുട്ടിയുടെ തല ഫ്ളോട്ടിംഗ് പാലത്തിൽ കുടങ്ങിയിരുന്നു. കൂടുതൽ സഞ്ചാരികൾ ഒന്നിച്ച് കയറിയാൽ ഫ്ളോട്ടിംഗ് പാലത്തിന് ഇളക്കമുണ്ടാകും. മുൻപ് പാലത്തിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നു.ഇത് പിൻവലിച്ചതോടെ സഞ്ചാരികൾ നിയന്ത്രണമില്ലാതെയാണ് പാലത്തിലൂടെ കയറുന്നത്.കടലും കായലും സംഗമിക്കുന്ന വേളി പൊഴിക്കരയിൽ ലൈഫ്ഗാർഡുകളുടെ സേവനമില്ലാത്ത അവസ്ഥയാണ്.

കുട്ടി ട്രെയിനും ബോട്ടിംഗും വേളി ടൂറിസ്റ്റ് വില്ലേജിൽ എത്തുന്നവർ അധികവും ആശ്രയിക്കുന്നത് കുട്ടി ട്രെയിനിലെ കറക്കവും ബോട്ടിംഗുമാണ്.കൃത്യമായ പരിപാലനമില്ലാത്തതിനാൽ ട്രെയിൻ പലപ്പോഴും പണിമുടക്കുന്നുണ്ട്. കായലിൽ കുളവാഴകൾ നിറഞ്ഞാൽ ബോട്ട് സർവീസും നിലയ്ക്കും.

പാലവും തകർന്നു

വലിയതുറ കടൽപ്പാലം രണ്ടായി പിളർന്നത് വിനോദസഞ്ചാരികൾക്ക് തിരിച്ചടിയായി.ഇവിടെത്തുന്നവർക്ക് പാലത്തിന്റെ ശോചനീയാവസ്ഥ കണ്ടുമടങ്ങേണ്ട സ്ഥിതിയാണ്.