വനം വകുപ്പിന്റെ പാളുന്ന പദ്ധതികൾ
കേരളത്തിലെ മലയോര നിവാസികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കുകയാണ് വന്യജീവി ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് ഏതു നിമിഷവും ജീവൻ നഷ്ടപ്പെടാം എന്ന ഭീതിയോടെയാണ് വനമേഖലയോടു ചേർന്ന് താമസിക്കുന്ന കർഷകർ കഴിയുന്നത്. വന്യജീവി ആക്രമണത്തിൽ ഓരോ ജീവൻ പൊലിയുമ്പോഴും മൃതദേഹവുമായി ജനങ്ങൾ വനം വകുപ്പിന്റെ നിരുത്തരവാദിത്വം ചോദ്യംചെയ്ത് തെരുവിലിറങ്ങി പ്രതിഷേധം നടത്താറുണ്ട്. വന്യമൃഗ ഭീഷണിയോടൊപ്പം സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയും അലംഭാവവും പ്രശ്നം അനുദിനം രൂക്ഷമാകാനിടയാക്കുന്നു. 'ഞങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനാകണം. കുട്ടികൾക്ക് പേടിയില്ലാതെ സ്‌കൂളിൽ പോകാനാകണം" - വയനാട്ടിൽ നിന്ന് നിരന്തരം ഉയർന്നുകേൾക്കുന്നതാണ് ഇത്തരം ആവലാതികളാണ്. ഏറ്റവുമധികം വന്യമൃഗ ആക്രമണ ഭീഷണി നേരിടുന്നത് വയനാട്, ഇടുക്കി ജില്ലകളാണ്. ഓരോ ദുരന്തത്തിനു ശേഷവും വനം വകുപ്പ് താത്‌കാലികമായ ചില നടപടികൾ എടുക്കുമെന്നല്ലാതെ ശാശ്വതമായ പരിഹാരമാർഗങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല.
കഴിഞ്ഞ 14 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 1768 പേരാണ് കൊല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ മാത്രം 273 പേർക്ക് ജീവൻ നഷ്ടമായി. കടുവയുടെ ആക്രമണത്തിൽ 11 പേർക്കും കാട്ടുപന്നി ആക്രമണത്തിൽ 63 പേർക്കും ജീവൻ നഷ്ടമായി. പാമ്പുകടിയേറ്റാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് - 1421 പേർ. ഓരോ വർഷം കഴിയുന്തോറും വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
ഏറ്റവും ഒടുവിൽ പാലക്കാട് മുണ്ടൂരിലാണ് കാട്ടാന ആക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടത്. യുവാവിന്റെ ജീവനെടുത്ത ആന രണ്ടുദിവസമായി ജനവാസ മേഖലയുടെ സമീപത്ത് നിലയുറപ്പിച്ചിട്ടും വനം വകുപ്പ് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാനയെ തുരത്താനും നടപടിയെടുത്തില്ല. മാത്രമല്ല, കാട്ടാനയുടെ ചിത്രം വനാതിർത്തികളിലെ ക്യാമറകളിൽ പതിഞ്ഞിട്ടുമില്ല. സോളാർ വേലി പ്രവർത്തിച്ചില്ലെന്നും പരാതിയുണ്ട്.
വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചിട്ടുണ്ട്. ഓരോ സംഭവം നടക്കുമ്പോഴും ഇത്തരം പ്രസ്താവനകൾ നടത്തുമെന്നല്ലാതെ കുറ്റമറ്റ തുടർ നടപടികൾ ഉണ്ടാകാറില്ല. കാട്ടാനകളടക്കം വന്യജീവികൾ ജനവാസ മേഖലയിലിറങ്ങുന്നത് തടയാൻ കഴിഞ്ഞ മാസം വനംവകുപ്പ് പത്ത് കർമ്മപദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പലതും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. കാടിറങ്ങുന്ന വന്യജീവികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന റിയൽ ടൈം മോണിറ്ററിംഗ്, ഏർലി വാണിംഗ് സിസ്റ്റം തുടങ്ങിയവ പാളിപ്പോവുകയാണുണ്ടായത്. പാമ്പുകളെ പിടിക്കാനുള്ള സർപ്പ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നത്.
മൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കാൻ വനത്തിൽത്തന്നെ അവർക്ക് കുടിവെള്ളവും തീറ്റയും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും നടപ്പാക്കാനുള്ള ഫണ്ട് വനം വകുപ്പിനില്ല എന്നാണ് അറിയുന്നത്. വന്യമൃഗശല്യം നിയന്ത്രിക്കാൻ ബഡ്‌ജറ്റിൽ 50 കോടിയുടെ പ്രത്യേക പാക്കേജ് മാത്രമാണ് പ്രഖ്യാപിച്ചത്. ഈ തുക വനം വകുപ്പ് പ്രഖ്യാപിച്ച കർമ്മപദ്ധതികൾ നടപ്പിലാക്കാൻ തീരെ അപര്യാപ്തമാണ്. പ്രത്യേക പ്രോജക്ടുകൾ തയ്യാറാക്കി കേന്ദ്രത്തെ സമീപിച്ചാണ് മറ്റു സംസ്ഥാനങ്ങൾ ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നത്. ആ വഴിക്കും കേരളം ഫലപ്രദമായ നീക്കങ്ങൾ നടത്തുന്നില്ല. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതുകൊണ്ടു മാത്രം തീരുന്നതല്ല വന്യജീവി ആക്രമണമെന്ന് സർക്കാർ ഓർമ്മിക്കുന്നത് നല്ലതാണ്.