വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം, വഖഫ് ഭേദഗതി നിയമം മോദി സർക്കാർ നടപ്പാക്കി
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതി അംഗീകാരം നൽകിയ വഖഫ് (ഭേദഗതി) നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ഇന്നലെ മുതൽ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ പറയുന്നു.
വഖഫ് സ്വത്തുക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റങ്ങൾ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും മുസ്ളീം സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് വിജ്ഞാപനം. അതേസമയം സുപ്രീംകോടതിയിലുള്ള കേസിൽ കേന്ദ്ര സർക്കാർ തടസ ഹർജി നൽകിയിട്ടുണ്ട്. കേസ് 16ന് പരിഗണിക്കും.മൂന്നിന് പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിലാണ് ഭരണ, പ്രതിപക്ഷ പോരിനിടെ ബിൽ പാസായത്. അഞ്ചിന് ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ നിയമമായി.
നിയമ പ്രകാരം ഏതു ഭൂമിയും വഖഫായി പ്രഖ്യാപിക്കാൻ കഴിയില്ല. ആദിവാസി ഭൂമിയും ചരിത്ര സ്മാരകങ്ങളും വഖഫ് പരിധിയിൽ നിന്നൊഴിവാകും. വഖഫ് സ്വത്തുക്കൾ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വഖഫ് സ്വത്താക്കി മാറ്റും മുൻപ് സ്ത്രീകൾക്ക് അവരുടെ പിന്തുടർച്ചാവകാശ പ്രകാരമുള്ള സ്വത്ത് ഉറപ്പാക്കണം. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടുവീതം അമുസ്ലീമുകളെ അംഗങ്ങളാക്കിയത് അടക്കമുള്ള വ്യവസ്ഥകളുമുണ്ട്.