ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ വേറെ സ്ത്രീകളെയും സുകാന്ത് പറ്റിച്ചു
തിരുവനന്തപുരം : ഐ.ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്കു തള്ളിവിട്ട കേസിൽ പ്രതിയായ സഹപ്രവർത്തകൻ സുകാന്ത് വേറെ സ്ത്രീകളെയും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തൽ. സുകാന്തിന്റെ അക്കൗണ്ട് പരിശോധിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രതി സുകാന്തിന് പലരിൽ ഒരാളായിരുന്നു ആത്മഹത്യചെയ്ത യുവതി. മകളെ സാമ്പത്തികമായി സുകാന്ത് കബളിപ്പിച്ചിരുന്നതായി പിതാവ് ആരോപിച്ചിരുന്നു. ഇതേകുറിച്ചുള്ള അന്വേഷണത്തിലാണ് നിരവധി സ്ത്രീകൾ സുകാന്തിന്റെ വലയിലുണ്ടെന്ന് കണ്ടെത്തിയത്.
ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ടാബിലും മൊബൈലിലും നിന്ന് ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇരുവരുടെയും സഹപ്രവർത്തകരായ ഐ.ബി ഉദ്യോഗസ്ഥരിൽ നിന്നുള്ള മൊഴിയെടുക്കലും പുരോഗമിക്കുകയാണ്.
മരണ സമയത്ത് യുവതി സുകാന്തുമായാണ് ഫോണിൽ സംസാരിച്ചതെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന് ഒരാഴ്ച മുമ്പ് താൻ വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് യുവതിയുടെ അമ്മയ്ക്ക് സുകാന്ത് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതേചൊല്ലിയുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. പരിശിലന സമയത്തും തുടർന്ന് ജോലിയിൽ പ്രവേശിച്ച ശേഷം കൊച്ചിയിലും സുകാന്തും യുവതിയും ഒരുമിച്ച് താമസിച്ചിരുന്നു. ഗർഭച്ഛിദ്രത്തിന് യുവതിയോടൊപ്പം ആശുപത്രിയിലെത്തിയ സ്ത്രീക്ക് സുകാന്തുമായി ബന്ധമില്ലെന്നാണ് കണ്ടെത്തൽ. ആശുപത്രിയിൽ നൽകിയ വിവാഹ രേഖകൾ വ്യാജമായി നിർമ്മിച്ചത് സുകാന്താണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ പ്രതി രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അന്യസംസ്ഥാന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.