'ആദ്യ കേൾവിയിൽ തന്നെ കഥ ഇഷ്ടപ്പെട്ടു, പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും'

Wednesday 09 April 2025 5:50 PM IST

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നി‌ർവഹിച്ച ബസൂക്ക നാളെ തിയേറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി ആരാധകരും ചലച്ചിത്രപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയമുള്ളവരെ...

വീണ്ടും ഒരു നവാഗത സംവിധായകനൊടൊപ്പം ഞാൻ എത്തുകയാണ്.

'ഡിനോ ഡെന്നിസ്' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും...

ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും..

ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..

അത് സിനിമയായി പരിണമിച്ചു.

ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്...

എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും...

അതിനൊപ്പം

ഞാനും

നിങ്ങളും

നമ്മളും...

സ്നേഹപൂർവ്വം

മമ്മൂട്ടി

സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി കഥ പറയുന്ന ചിത്രത്തിൽ, അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിച്ച പോസ്റ്ററുകൾ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ വേഷത്തിൽ എത്തുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പൊലീസ് ഓഫീസർ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.