കഞ്ഞിക്കുഴി - തിരുവഞ്ചൂർ റോഡ്..... തകരാൻ ഇനി ബാക്കിയില്ല

Thursday 10 April 2025 1:50 AM IST

കോട്ടയം : കുഴിയിൽ നിന്ന് കുഴിയിലേക്ക്... പൊളിഞ്ഞ റോഡിൽ വീണാൽ പിന്നെ പറയുകയും വേണ്ട. കഞ്ഞിക്കുഴി - തിരുവഞ്ചൂർ റോഡിലൂടെ യാത്ര പോയാൽ എന്തൊക്കെ സഹിക്കണം. ദുരിതം തന്നെ ദുരിതം. ടാറിംഗ് പൂർണമായും തകർന്ന് മെറ്റൽ ഇളകി തെളിഞ്ഞ നിലയിലാണ്. വേനൽ മഴ പെയ്തതോടെ കാൽനടയാത്ര പോലും അസാദ്ധ്യം. ഏതാനും മാസം മുൻപ് താത്കാലികമായി അടച്ച കുഴികളാണ് വീണ്ടും രൂപപ്പെട്ടത്. മോസ്‌കോ മുതൽ ഇറഞ്ഞാൽ വയെുള്ള ഭാഗങ്ങളിലാണ് കുഴികളേറെയും. മോസ്‌കോയിൽ നിന്ന് പൂഴിത്തുറ ഭാഗം വരെയുള്ള വളവുകളിൽ കഠിനയാത്രയാണ്. കുഴികൾ ഒഴിവാക്കി വാഹനം വെട്ടിക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുചക്രവാഹനയാത്രക്കാർക്കാണ് കൂടുതൽ കെണി.

സമാന്തര പാതകളും കോലം കെട്ടു ജൽജീവൻ പദ്ധതിയ്ക്കായി റോഡിന്റെ പല ഭാഗങ്ങളും കുഴിച്ചിരുന്നു. ഈ ഭാഗങ്ങൾ താത്കാലികമായി കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നെങ്കിലും മഴയ്ക്കു പിന്നാലെ തകർന്നു. റോഡിന് സമാന്തരമായുള്ള പൈപ്പ് ലൈൻ റോഡും തകർച്ചയിലാണ്. കൊശമറ്റം കവല മുതൽ അയ്മനത്തുപുഴ വരെയുള്ള ഭാഗത്താണ് കൂടുതൽ തകർന്നത്. എം.സി. റോഡിനെ ഇറഞ്ഞാൽ റോഡുമായി ബന്ധിപ്പിക്കുന്ന വഴിയിലും പലയിടത്തും കുഴികൾ നിറഞ്ഞു. അയ്മനത്തുപുഴകടവ് റേഷൻകടപ്പടി വളവിലെ കുഴി ഒഴിവാക്കി സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്.

''ഏറെ ദുരിതം സഹിച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്. രാത്രികാലങ്ങളിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിന് ആക്കം കൂട്ടുന്നു. എത്രയും വേഗം റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണം.

ഗോപിനാഥൻ, പ്രദേശവാസി

റോഡിന്റെ ദൈർഘ്യം : 10 കിലോ മീറ്റർ