വിഷു: പടക്കക്കടകൾ സജീവം

Thursday 10 April 2025 12:22 AM IST
പടക്കവ്യാപാരം

ഓൺലൈൻ വ്യാപാരത്തിന് തടയിടാൻ വ്യാപക പരിശോധന

കണ്ണൂർ: വിഷുവിനെ വരവേൽക്കാൻ ഗ്രാമങ്ങളിലും നഗരങ്ങളിലും പടക്ക വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പടക്ക വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രി ഏറെ വൈകിയും ഗ്രാമങ്ങളിൽ ഉൾപ്പടെ പടക്കക്കടകൾ സജീവമായിരുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആവശ്യക്കാർ രാത്രി ഏറെ വൈകിയും എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ഇത്തവണ വിഷു ആഘോഷങ്ങൾക്ക് നിറം പകരാൻ വ്യത്യസ്തമായ പുത്തൻ പടക്കങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. പേരുകൊണ്ടും കാഴ്ചഭംഗി കൊണ്ടും വ്യത്യസ്ഥത പുലർത്തുന്ന ഇവയ്ക്കും ആവശ്യക്കാരുണ്ട്. ജിൽ ജിൽ, ഓൾ ഈസ് ബെസ്റ്റ് എന്നിങ്ങനെ നീളുകയാണ് പുതിയതായി വിപണിയിലെത്തിയ താരങ്ങൾ. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന പൊള്ളലേൽക്കാത്ത പടക്കങ്ങളും ഉണ്ട്. എന്നാൽ പരമ്പരാഗത പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെ.

തമിഴ്നാട്ടിൽ നിന്നും മറ്റുമായി പ്രത്യേക സജ്ജീകരണത്തോടെയാണ് പടക്കങ്ങൾ എത്തിക്കുന്നത്. വ്യാപാരം നടത്തുന്ന കടകൾക്കും പ്രത്യേക ലൈസൻസുകളും അനുമതികളും ആവശ്യമാണ്. അഗ്നി സുരക്ഷ സേനയടക്കം പരിശോധനകൾ നടത്തിയാണ് ലൈസൻസ് അനുവദിക്കുക. എ.ഡി.എം മുഖേനയാണ് ലൈസൻസ് അനുവദിക്കുന്നത്. എന്നാൽ അനധികൃത വ്യാപാരങ്ങളും മറ്റും വിഷുവോടടുക്കുമ്പോൾ ജില്ലയുടെ പലഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. ഇവയെല്ലാം പലതരത്തിലുള്ള അപകടങ്ങൾ വിളിച്ചു വരുത്തുന്നതുമാണ്.

അനധികൃത ഓൺലൈൻ വ്യാപാരം കൊഴുക്കുന്നു

കഴിഞ്ഞ ചുരുക്കം ചില വർഷങ്ങളായി അനധികൃത ഓൺലൈൻ പടക്ക വ്യാപാരങ്ങൾ വിപണിയിലേക്ക് കടന്നുവന്നിട്ടുണ്ട്. യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ഓർഡർ ചെയ്യുന്നതിനനുസരിച്ച് കൊറിയർ വഴിയും മറ്റും ആവശ്യക്കാരന് എത്തിച്ചു നൽകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ പത്തുദിവസങ്ങൾക്കുള്ളിൽ അനധികൃത ഓൺലൈൻ പടക്ക വ്യാപാരവുമായി ബന്ധപ്പെട്ട് ജില്ലയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാപാരത്തിനെത്തിച്ച 50 ലക്ഷം രൂപയുടെ പടക്കങ്ങൾ കണ്ണൂരിലുള്ള പാഴ്സൽ സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഒൻപത് ക്വിന്റൻ പടക്കം ചാലയിൽ നിന്നും പിടികൂടിയിരുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് രണ്ടിടത്തും പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്.

2018 ൽ ഓൺ ലൈൻ പടക്ക വ്യാപാരം സുപ്രീം കോടതി നിരോധിച്ചതാണ്. പരിശോധനകളും നിയമനടപടികളും ശക്തമാണ്. എന്നിരുന്നാലും ഓൺലൈൻ പടക്കങ്ങൾക്ക് ആവശ്യക്കാരുമേറെയുണ്ട്. കടകളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കും. ഇത് തിരിച്ചടിയാകുന്നുണ്ടെന്ന് പടക്ക വ്യാപാരികളും പറയുന്നു.

മധുര ടു കണ്ണൂർ

മധുരയിൽ നിന്നും ശിവകാശിയിൽ നിന്നുമുള്ള ഗുണനിലവാരം കുറഞ്ഞ കുടിൽ വ്യവസായ നിർമ്മിതിയായ പടക്കങ്ങളാണ് ഓൺലൈൻ വഴി ജില്ലയിൽ എത്തുന്നത്. ഗുണനിലവാരമില്ലാത്തതിനാൽ അപകട സാധ്യതകളും ഇവയ്ക്ക് കൂടുതലാണ്.

സുരക്ഷമാനദണ്ഡങ്ങളില്ലാതെ കച്ചവടം നടത്തുന്ന അനധികൃത കച്ചവടക്കാർക്കെതിരെ കർശന നടപടിയുണ്ടാകണം. ഇല്ലാത്ത പക്ഷം ആർക്കും എവിടെ വച്ചും പടക്കം വിൽക്കാം എന്ന അവസ്ഥ വരും.

പ്രമുഖ പടക്ക വ്യാപാരി, പയ്യന്നൂർ

അനധികൃത ഓൺലൈൻ പടക്ക വ്യാപാരങ്ങൾക്കെതിരെ കർശന പരിശോധനയ്ക്ക് പൊലീസിനും ചരക്ക് സേവന നികുതി വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എ.ഡി.എം കാര്യാലയം