രാമു കാര്യാട്ട് പുരസ്കാരം മാല പാർവതിക്ക്

Thursday 10 April 2025 4:50 AM IST

മലയാളത്തിനൊപ്പം അന്യഭാഷയിലും ശ്രദ്ധേയമായ പ്രകടനം നടത്തുന്ന നടി മാല പാർവതിക്ക് രാമു കാര്യാട്ട് ഫിനോമെനൽ പെർഫോമർ അവാർഡ്. മുസ്തഫയുടെ സംവിധാനത്തിൽഎത്തിയ മുറ സിനിമയിൽ അവതരിപ്പിച്ച രമാദേവി എന്ന കഥാപാത്രമാണ് അവാർഡിന് അർഹമായത്.ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി മാല പാർവതി നിറഞ്ഞു നിന്നു. മുറയിലെ പ്രകടനത്തിന് ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണെന്ന് മാല പാർവതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ''മുറ ചിത്രത്തിലെ അഭിനയത്തിന് മൂന്നാമത്തെ അവാർഡ് കൂടി പ്രഖ്യാപിക്കപ്പെട്ടു. ആരാധ്യനായ ,ഇതിഹാസമായ രാമു കാര്യാട്ടിന്റെ പേരിലുള്ളതാണ് പുതിയത്. ഇതിന് മുമ്പ് ജി.കെ. പിള്ളയുടെ പേരിൽ ജെഎഫ് ഡബ്ല്യു അവാർഡുമാണ് ലഭിച്ചത്. മുസ്തഫ യും, ഛായാഗ്രാഹകൻ പാച്ചിക്കയും, ഡയറക്ഷൻ ടീം പുലികളായ സന്ദീപും, അമീനും, പ്രിയപ്പെട്ട ഗൗരിയും ഉണ്ടായിരുന്നു. മധുരവുമായി അവരെത്തിയപ്പോൾ, സന്തോഷത്തിന് അതിരില്ലാതെയായി പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മനസ് നിറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരാണ്, നന്ദി പറയുന്നത് ഔപചാരികമാവും. അളവറ്റ സ്നേഹം ചങ്ങാതിമാരെ'' മാല പാർവതിയുടെ വാക്കുകൾ. തമിഴ് ചിത്രമായ വീര ധീര സൂരൻ ആണ് മാല പാർവതിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

വിക്രം നായകനായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ അമ്മ വേഷത്തിൽ മിന്നും പ്രകടനം കാഴ്ചവച്ചു.