ശുചിത്വ സാഗരം സുന്ദര തീരം, രണ്ടാം ഘട്ടത്തിൽ മെഗാ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യജ്ഞം നാളെ

Thursday 10 April 2025 12:07 AM IST

കണ്ണൂർ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി കടലിന്റെ ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനമായ ഏകദിന പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം നാളെ രാവിലെ ഏഴുമണി മുതൽ 11 മണി വരെ ജില്ലയിലെ ന്യൂമാഹി, ധർമ്മടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാടായി, മാട്ടൂൽ, രാമന്തളി ഗ്രാമ പഞ്ചായത്തുകളിലും തലശേരി നഗരസഭയിലും കണ്ണൂർ കോർപറേഷനിലും നടത്തുമെന്ന് ഡെപ്യുട്ടി ഫിഷറീസ് ഡയറക്ടർ ഇൻ ചാർജ് പി.വി പ്രീത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിശ്ചയിക്കപ്പെട്ട ആക്ഷൻ പോയിന്റുകൾ കേന്ദ്രീകരിച്ചാണ് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം നടക്കുന്നത്. ഇത്തരത്തിൽ കണ്ണൂർ ജില്ലയിൽ 57 കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാവുകയും ശുചീകരണ പ്രവർത്തനങ്ങൾക്കായി വളണ്ടിയർമാരെ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് വിവിധ ഏജൻസികളുടെ ചുമതലയിൽ ഷ്രെഡിംഗ് യൂനിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ വി. രജിത, പി.വി സരിത, ആർ.എസ് അഖിൽ എന്നിവരും പങ്കെടുത്തു.