സുൽത്താൻ കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: കഞ്ചാവ് പാഴ്സലടങ്ങിയ ബാഗേജുമായി കുട്ടികൾക്കൊപ്പം കൊച്ചിയിലെ ഹോട്ടലിൽ റൂമെടുത്ത സുൽത്താൻ, ഫ്രഷായി പുറത്തേക്കിറങ്ങുമ്പോഴാണ് അന്ന് പൊലീസെത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹോട്ടലിലെ ചില റൂമുകൾ കൊച്ചി പൊലീസ് പരിശോധിക്കുന്നത് കണ്ട സുൽത്താൻ, പന്തികേട് മണത്ത് ഉടൻ റൂം വെക്കേറ്റ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ മറ്റൊരു ഹോട്ടലിൽ തസ്ളിമയ്ക്കൊപ്പം ഫാമിലിയെന്ന നിലയിൽ റൂമെടുത്ത് തങ്ങിയ സംഘം അന്ന് വൈകുന്നേരമാണ് അവിടെ നിന്ന് ആലപ്പുഴയിലേക്ക് തിരിച്ചത്. രണ്ട് ഹോട്ടലിലെയും സി.സി ടി.വി കാമറകളിൽ നിന്ന് ബാഗേജുമായി സുൽത്താനെത്തുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ സിനിമ മേഖലയിൽ ജോലി ചെയ്യുമ്പോഴാണ് തസ്ളിമയെ സുൽത്താൻ ഭാര്യയാക്കിയത്. നാല് കുട്ടികളാണ് ഇവർക്കുള്ളത് .ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയാണ് സുൽത്താൻ യാത്രയ്ക്കൊപ്പം കൂട്ടിയിരുന്നത്. എണ്ണൂറിൽ ബർമ്മ ബസാറെന്നപേരിൽ മൊബൈൽ ഷോപ്പുനടത്തുന്ന സുൽത്താൻ ഇതിന്റെ മറവിലാണ് കഞ്ചാവും ലഹരി വസ്തുക്കളും കടത്തിയിരുന്നത് എന്നാണ് വിവരം. തസ്ളിമയുമായി പിണക്കത്തിലാണെന്നാണ് ഇവർ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാൽ, തസ്ളിമയുടെ ഫോണിൽ നിന്ന് എക്സൈസ് വീണ്ടെടുത്ത ചാറ്റുകളുൾപ്പെടെയുള്ള വിവരങ്ങൾ ഇത് കളവാണെന്ന് തെളിയിക്കുന്നതാണ്.