ഭീഷണിയൊഴിഞ്ഞു,​ മായിക്കൽ വാട്ടർടാങ്ക് പൊളിച്ചുനീക്കി

Thursday 10 April 2025 1:23 AM IST

ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നാളുകളായി അപകട ഭീഷണിയായി നിന്ന മായിക്കൽ വാട്ടർടാങ്ക് പൊളിച്ചു നീക്കി. ഇക്കാര്യം ആവശ്യപ്പെട്ട് മുതുകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി, ജല മന്ത്രി, ജില്ലാകളക്ടർ എന്നിവർക്ക് നവകേരള സദസിൽ രേഖാമൂലം പരാതി നൽകിയിരുന്നു. കാർത്തികപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ വിഷയം വീണ്ടും ഉന്നയിക്കുകയും,​ വാട്ടർഅതോറിട്ടി

ഇത് പൊളിച്ച് മാറ്റുന്നതിന് ടെണ്ടർ ചെയ്തിട്ടുണ്ടെന്ന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. വാട്ടർടാങ്ക് പൊളിക്കുന്നതിന് ആവശ്യമായ തുക ഗ്രാമപഞ്ചായത്ത് അടയ്ക്കുകയും ചെയ്തു. ഇതേ തുടർന്നാണ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാലുമണിയോടെ ടാങ്ക് പൊളിച്ചുനീക്കിയത്.

ഒരു കാലത്ത് മുതുകുളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം സംഭരിച്ച് എത്തിക്കാൻ നിർമ്മിച്ച 75 അടിയിലധികം ഉയരമുള്ള ജലസംഭരണി കാലപ്പഴക്കത്താൽ ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയിലായിരുന്നു. ഇതോടെ സമീപത്തെ വീടുകൾക്ക് പോലും ഭീഷണിയായി. കാലപ്പഴക്കത്താൽ കോൺക്രീറ്റ് തൂണുകൾ അടർന്ന് ബലക്ഷയം വന്നതോടെ വാട്ടർ അതോറിട്ടി സംഭരണിയെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മുതുകുളത്തിന്റെ പടിഞ്ഞാറൻ മേഖല കടുത്ത ശുദ്ധജല ക്ഷാമം നേരിടുകയും തുടർന്ന് ഇളങ്ങള്ളൂർ പുതിയ പമ്പ് ഹൗസ് നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയുമായിരുന്നു.