ഓൺലൈൻ ട്രേഡിംഗ്: 1.5 കോടി തട്ടിയ പ്രതി പിടിയിൽ

Thursday 10 April 2025 12:54 AM IST

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗ് നടത്തിയിരുന്നയാളെ പറ്റിച്ച് പണം തട്ടിയയാൾ പിടിയിൽ. വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.1.51 കോടി രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.സംഭവത്തിൽ ചെന്നൈ തിരുവട്ടിയൂർ വിനായകപുരം സ്വദേശി തമീം അൻസാരി.എം (21)ആണ് തിരുവട്ടിയൂരിൽ അറസ്റ്റിലായത്. പ്രതിയെ ചെന്നൈ തിരുവട്ടിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി.തുടർന്ന് തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നിർദ്ദേശപ്രകാരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ വിജയ ഭരത് റെഡ്ഡി,സിറ്റി സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാൻ.എ.ആർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ വിനോദ്കുമാർ.പി.ബി, എസ്.ഐമാരായ ബിജുലാൽ.കെ.എൻ,ഷിബു.എം,സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ.എസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.